സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (DA) അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ഡാറ്റ ചോർച്ച വിവാദത്തിൽ ഇന്ന് ഹൈക്കോടതിയിൽ വാദം നടക്കും.ജസ്റ്റിസ് ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് ഉച്ചയ്ക്ക് ശേഷം ഈ ഹർജി പരിഗണിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ അനുമതിയില്ലാതെ ചോർത്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു എന്നാണ് ഹർജിക്കാരുടെ പ്രധാന ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടില്ലെന്നും, ജീവനക്കാർക്ക് ലഭിച്ച സന്ദേശം വെറും ഭരണപരമായ ആശയവിനിമയം മാത്രമാണെന്നുമാണ് സർക്കാരിന്റെ വാദം. ഭരണനിർവ്വഹണ വിഭാഗത്തിന്റെ തലവൻ എന്ന നിലയിൽ ജീവനക്കാർക്ക് സന്ദേശം അയക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്വകാര്യ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. ഐടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചതെന്നും, ഹർജി നിലനിൽക്കില്ലാത്തതിനാൽ അത് തള്ളണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ കോടതിയുടെ നിലപാട് ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വാദത്തിന് ശേഷം വ്യക്തമാകും.