പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനൊപ്പം ആരോഗ്യ പ്രവർത്തകർ സെൽഫിയെടുത്ത സംഭവം വലിയ വിവാദമാകുന്നു. ഐസിയുവിൽ രോഗിക്കൊപ്പം ഫോട്ടോ എടുക്കരുതെന്ന കർശന ചട്ടം ലംഘിക്കപ്പെട്ടതിനെ തുടർന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉത്തരവിട്ടു.
കെഎസ് യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റതിനെ തുടർന്നാണ് മന്ത്രിയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ മന്ത്രിയോടൊപ്പം ചില നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ചേർന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ചട്ടലംഘനം ചൂണ്ടിക്കാട്ടി വിമർശനം ഉയർന്നത്. ചട്ടം ലംഘിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
അതേസമയം, വിവാദത്തിൽ വിശദീകരണവുമായി ഫോട്ടോ എടുത്ത നേഴ്സ് സ്മിത പി.സി രംഗത്തെത്തി. മന്ത്രിയുടെ വിഷമം മാറ്റാനാണ് തങ്ങൾ ഫോട്ടോ എടുത്തതെന്ന് സ്മിത ഫേസ്ബുക്കിൽ കുറിച്ചു. ആദ്യ ദിവസം മുതൽ മന്ത്രിയെ പരിചരിച്ചിരുന്നവരാണ് തങ്ങളെന്നും, ആ ഒരു അടുപ്പത്തിന്റെ പുറത്ത് അനുവാദം ചോദിച്ചപ്പോൾ മന്ത്രി സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ഐസിയുവിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഫോട്ടോ എടുക്കുന്നതും ചട്ടവിരുദ്ധമാണെന്നിരിക്കെ, ഒരു മന്ത്രി തന്നെ ഇതിന് കൂട്ടുനിന്നത് ശരിയായില്ലെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. കൂടാതെ, കഴുത്തിന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെയും പലരും പരിഹാസത്തോടെയാണ് കാണുന്നത്. ആശുപത്രി അധികൃതരുടെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികളിലേക്ക് കടക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.