Share this Article
News Malayalam 24x7
12 ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് മുന്നറിയിപ്പ്; വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വെബ് ടീം
1 hours 56 Minutes Ago
1 min read
orange alert

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മഞ്ഞ അലർട്ട് പുതുക്കിയാണ് ഓറഞ്ച് മുന്നറിയിപ്പായി  ഉയർത്തിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ് നിലനിൽക്കുന്നത്.

തീവ്ര മഴയുടെ പശ്ചാത്തലത്തിൽ നാളെ (ഓഗസ്റ്റ് രണ്ടിന്) വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ  ജില്ലകളിൽ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പെടെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നാളെ ( ഓഗസ്റ്റ് 2) ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30, 34 പ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. റെസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും, ആവശ്യമാണെങ്കിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി സാഹചര്യം അനുസരിച്ച് അവധി നൽകാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരം കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോഴിക്കോട് മതബോധന ക്ലാസുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും വിലക്ക്

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ  നാളെ (ഓഗസ്റ്റ് 2 ഞായര്‍) എല്ലാ മദ്റസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

 ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories