കൊച്ചി: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയും മഴക്കെടുതിയും കാരണം സെറ്റ് പരീക്ഷ മാറ്റിവച്ചു. ആഗസ്റ്റ് രണ്ടിന് നടത്തുവാൻ തീരുമാനിച്ചിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ (സെറ്റ്) മോശം കാലാവസ്ഥ കാരണം മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഇടുക്കി ജില്ലയിലെ ബീറ്റ് ഫോറസ്ററ് ഓഫീസർ പരീക്ഷയും മാറ്റിവച്ചു.ഓഗസ്റ്റ് 4,5 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്
കനത്ത മഴയെ തുടർന്ന് എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
കോഴിക്കോട് ഗവ. മോഡല്‍ എച്ച്.എസ്.എസ്, കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് എന്നീ സെന്ററുകളില്‍ നാളെ (ഓഗസ്റ്റ് 2) നടത്താനിരുന്ന ശ്രീ അയ്യങ്കാളി മെമോറിയല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ കനത്ത മഴയെ തുടര്‍ന്ന് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ശബരിമല തീർത്ഥാടകർക്ക് ജാഗ്രത നിർദ്ദേശം.പമ്പയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് രണ്ട് മൂന്ന് തീയതികളിലെ നിറപുത്തരി കണക്കിലെടുത്തുള്ള ശബരിമല യാത്ര ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.
വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ഓഗസ്റ്റ് 2) ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ സ്ക്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതും സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതുമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരും.