സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. വടക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിലവിൽ വലിയ മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. മുതലപ്പൊഴി അടക്കമുള്ള പ്രദേശങ്ങളിൽ കടലാക്രമണത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം, നാളെയോടെ മഴയുടെ ശക്തിയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.