വെനസ്വലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിന് പിന്നാലെ മെക്‌സിക്കോയിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തില്‍ നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെക്‌സിക്കോയുടെ തെക്കന്‍ സംസ്ഥാനമായ ചിയാപാസിന്റെ തീരപ്രദേശമായിരുന്നു ചലനത്തിന്റെ പ്രഭവകേന്ദ്രം.
അയല്‍രാജ്യങ്ങളായ ഗ്വാട്ടിമാലയിലും എല്‍ സാല്‍വഡോറിലും പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു. ഭൂമിക്കടിയില്‍ 15.2 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ചലനത്തെ തുടര്‍ന്ന് ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ പരിധിയിലുള്ള തീരപ്രദേശങ്ങളില്‍ വലിയ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് യുഎസ് സുനാമി മുന്നറിയിപ്പ് വിഭാഗത്തിന്റെ വിലയിരുത്തല്‍. കൂടാതെ, മെക്‌സിക്കോയുടെയും ഗ്വാട്ടിമാലയുടെയും ചില തീരങ്ങളില്‍ സാധാരണ വേലിയേറ്റ നിരപ്പില്‍ നിന്നും 0.3 മീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിച്ചുയര്‍ന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.