ഡൽഹി ജന്തർ മന്തറിൽ നടന്നു വരുന്ന സമരത്തിന് നേരെ പൊലീസ് നടപടി. തുടർച്ചയായ 20 ദിവസമായി നിരാഹാര സമരത്തിലായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുകിനെ ഡൽഹി പൊലീസ് ഇന്ന് രാവിലെ ബലം പ്രയോഗിച്ച് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റി. വാങ്‌ചുകിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശവും ഡൽഹി ഹൈക്കോടതിയുടെ ഉത്തരവും ചൂണ്ടിക്കാണിച്ചാണ് പൊലീസിന്റെ നീക്കം.
സോനം വാങ്‌ചുകിനെ സമരവേദിയിൽ നിന്നും മാറ്റിയതിന് തൊട്ടുപിന്നാലെ പ്രതിഷേധം ശക്തമാക്കിക്കൊണ്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദീപ്കെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. പൊലീസ് നടപടികൾ കൊണ്ട് സമരത്തെ തകർക്കാനാകില്ലെന്നും ജൂലൈ 20-ന് നിശ്ചയിച്ചിരിക്കുന്ന ‘ചലോ പാർലമെന്റ്’ മാർച്ച് മാറ്റമില്ലാതെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തെ വിദ്യാർത്ഥികളും യുവാക്കളും നീതിക്കായി ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് നടപടിക്കിടെ സമരപ്പന്തലിൽ പൊലീസും സി.ജെ.പി പ്രവർത്തകരും തമ്മിൽ വൻ ഉന്തും തള്ളുമുണ്ടായി. വാങ്‌ചുകിനെ മാറ്റുന്ന സമയത്ത് ഡൽഹി പോലീസ് തന്നെ മർദ്ദിക്കുകയും വീട്ടുതടങ്കലിലാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് അഭിജിത് ദീപ്കെ ആരോപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന പരിഷ്കരണങ്ങളും ആവശ്യപ്പെട്ടാണ് സി.ജെ.പിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ കഴിഞ്ഞ ഒരു മാസത്തോളമായി സമരം തുടരുന്നത്. ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷകൾ റദ്ദാക്കിയതിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വാങ്‌ചുകിനൊപ്പം സമരത്തിൽ പങ്കാളികളായ വിദ്യാർത്ഥി പ്രതിനിധികൾ നിലവിൽ നിരാഹാര സമരം തുടരുകയാണ്.