Share this Article
News Malayalam 24x7
നിയമസഭാ കയ്യാങ്കളി കേസ്: സിപിഐഎമ്മിന് തിരിച്ചടി
വെബ് ടീം
5 hours 8 Minutes Ago
1 min read
Kerala Assembly Scuffle Case: High Court Quashes Case Against Former UDF MLAs


കൊച്ചി: 2015ലെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് കോടതി നടപടി.

യുഡിഎഫ് എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, എ.ടി. ജോർജ് എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ദേഹോപദ്രവം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

2015ലെ ബജറ്റ് സമ്മേളനത്തിനിടെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ വൻ സംഘർഷമുണ്ടായിരുന്നു. അന്ന് സ്പീക്കറുടെ ഡയസിൽ കയറി കസേരകൾ മറിച്ചിടുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തെന്ന കേസിൽ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള ഇടത് എംഎൽഎമാർക്കെതിരെ നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ, ഭരണപക്ഷത്തെ വനിതാ എംഎൽഎമാരെ യുഡിഎഫ് അംഗങ്ങൾ കയ്യേറ്റം ചെയ്തെന്നാരോപിച്ച് അന്നത്തെ നാട്ടിക എംഎൽഎയായിരുന്ന ഗീതാ ഗോപിയുടെ പരാതിയിലും മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഈ കേസാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം, നിയമസഭാ നാശനഷ്ടവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ വിചാരണ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories