സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ്, എറണാകുളം, കോട്ടയം എന്നീ നാല് ജില്ലകളിലാണ് ഇന്ന് മഞ്ഞ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ രണ്ട് ജില്ലകളിലും മുന്നറിയിപ്പ് നിലവിലുണ്ട്.
അതേസമയം, 'കള്ളക്കടൽ' പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്തും കന്യാകുമാരി തീരത്തും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. കടലിൽ പോകുന്നവർ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.