Share this Article
News Malayalam 24x7
ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ, ഒരു മരണം
Landslides Hit Idukki and Kottayam

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലും ഇടുക്കിയിലും പത്തനംതിട്ടയിലും പെയ്ത അതിതീവ്ര മഴയിൽ കനത്ത നാശനഷ്ടവും ആളപായവും. ഇടുക്കി കുടയത്തൂർ അടൂർമലയിൽ വീടിനു മുകളിലേക്ക് മണ്ണുടിഞ്ഞുവീണുണ്ടായ അപകടത്തിൽ അടൂർമല സ്വദേശി രവിയുടെ ഭാര്യ സുമതി മരിച്ചു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന രവി ഉൾപ്പെടെയുള്ള മറ്റു രണ്ടുപേരെ രക്ഷാപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി. വാഗമൺ, കോലാഹലമേട്, ഏലപ്പാറ ചെമ്മണ്ണ് എന്നിവിടങ്ങളിലും വീടുകൾക്ക് മുകളിലേക്ക് മണ്ണുടിഞ്ഞുവീണു. ഉപ്പുതറയിൽ പൊലീസുകാർ സഞ്ചരിച്ച ജീപ്പിന് മുകളിലേക്ക് മണ്ണുടിഞ്ഞുവീണെങ്കിലും വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കിയിൽ കൊക്കയാർ ചപ്പാത്ത് പൂർണ്ണമായും വെള്ളത്തിനടിയിലായി.

കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ ഒരു വീട് പൂർണ്ണമായും മണ്ണടിയിലായി. വീട്ടിലുണ്ടായിരുന്ന മണപ്പാട്ട് ഗ്രേസി, മകൻ എന്നിവരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഈരാറ്റുപേട്ട ടൗൺ, പാലാ നഗരം, കാഞ്ഞിരപ്പള്ളി, എരുമേലി തുടങ്ങിയ പ്രദേശങ്ങളിൽ വലിയ രീതിയിൽ വെള്ളം കയറി. മീനച്ചിലാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ഈരാറ്റുപേട്ട-വാഗമൺ റോഡിലും കെ.കെ റോഡിലും മണ്ണടിച്ചിലും വെള്ളക്കെട്ടും കാരണം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കുട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വഴിക്കടവ് ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായി.


പത്തനംതിട്ടയുടെ മലയോര മേഖലകളിലും മഴക്കെടുതി രൂക്ഷമാണ്. കോന്നി അരുവാപ്പുലം നെല്ലിക്കാപ്പാറയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. സീതത്തോട് പ്രദേശത്തെ വീടുകളിൽ വെള്ളം കയറുകയും കക്കാട്ട് ആറ്റിലെ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയരുകയും ചെയ്തു. കോട്ടയം, ഇടുക്കി ജില്ലകളിൽ വിവിധയിടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രകൃതിദുരന്ത സാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories