Share this Article
News Malayalam 24x7
നാല് വിക്കറ്റുമായി നിയ നസ്നീൻ, സീചെം ട്രോഫിയിൽ കേരളം ചാമ്പ്യന്മാർ
വെബ് ടീം
1 hours 46 Minutes Ago
1 min read
Sechem Trophy

പുതുച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളം ചാമ്പ്യന്മാർ. ഫൈനലിൽ ഹിമാചൽപ്രദേശിനെ 48 റൺസിന് തോൽപ്പിച്ചാണ് കേരളം കിരീടമണിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 18.3 ഓവറിൽ 98 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. വിക്കറ്റുകൾ കൊയ്ത് ഹിമാചലിനെ കുടുക്കിയ ബോളിങ്ങിലൂടെ കേരളത്തിന് വിജയമൊരുക്കിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരുടെ ഭേദപ്പെട്ട പ്രകടനമാണ് മികച്ച സ്കോർ സമ്മാനിച്ചത്. കിരൺ നവ്ഗിരെ 34-ഉം ടി. ഷാനി 30-ഉം റൺസെടുത്തു. 15 പന്തുകളിൽ 24 റൺസെടുത്ത നജ്ല സി.എം.സി.യുടെയും ആറ് പന്തുകളിൽ 15 റൺസെടുത്ത നിയ നസ്നീന്റെയും പ്രകടനവും ശ്രദ്ധേയമായി. ഹിമാചൽപ്രദേശിനു വേണ്ടി നീന ചൗധരി നാലും യമുന വി. റാണ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് ബാറ്റിങ് നിരയിൽ 40 റൺസെടുത്ത ഹർലീൻ ഡിയോളും 30 റൺസെടുത്ത ഹിമാൻഷി മേത്തയും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. മറ്റ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. നാല് ഓവറിൽ രണ്ട് മെയ്ഡനടക്കം എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ നിയ നസ്നീനാണ് ഹിമാചൽ ബാറ്റിങ് നിരയെ തകർത്തത്.മൃദുല വി. എസ്., ടി. ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും സജന സജീവൻ ഒരു വിക്കറ്റും വീഴ്ത്തി.ടൂർണ്ണമെൻ്റിൽ ഒരേയൊരു മത്സരത്തിൽ മാത്രമായിരുന്നു കേരളം തോൽവി വഴങ്ങിയത്. നേരത്തെ സീചെം ട്രോഫിയുടെ അണ്ടർ 19 വിഭാഗത്തിലും കേരളത്തിനായിരുന്നു കിരീടം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories