അഫ്ഗാനിസ്ഥാനെതിരായ ടി 20 പരമ്പര തൂത്തുവാരി ഇന്ത്യ. ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 127 റണ്‍സിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏഴുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് അഫ്ഗാന് എത്താനായില്ല. ഓപ്പണേഴ്സായി ഇറങ്ങിയ അഭിഷേക് ശർമയുടെ സെഞ്ചുറിയും, സഞ്ജു സാംസണിന്റെ അർധ സെഞ്ചുറിയുമാണ് ഇന്ത്യയക്ക് നിർണാകമായത്. 30 പന്തിലാണ് അഭിഷേക് ശർമ സെഞ്ചുറി കുറിച്ചത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചുറിയാണിത്. 11 സിക്‌സറുകളും ഒമ്പത് ഫോറുകളും ഇന്നിങ്‌സിലുണ്ടായിരുന്നു. 35 പന്തിലാണ് സഞ്ജു സാംസണ്‍ 50 റണ്‍സ് തികച്ചത്. ഓപ്പണർമാർ മടങ്ങിയ ശേഷം ഇന്ത്യയ്ക്ക് വേണ്ടി എത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആണ് ടീമിനെ 222 റണ്‍സിലേക്ക് എത്തിച്ചത്. മറുപടി ബാറ്റിങ് ഇറങ്ങിയ അഫ്ഗാന് നൂറ് റൺസ് പോലും എടുക്കാൻ സാധിച്ചില്ല. 25 റൺസ് നേടിയ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനാണ് ടോപ് സ്‌കോറർ. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഡിയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.