കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പള്ളിവാസൽ മുതൽ മൂന്നാർ വരെയുള്ള റോഡിലെ മണ്ണിടിച്ചിൽ ആശങ്ക രൂക്ഷമാകുന്നു.അശാസ്ത്രീയമായ ദേശീയപാത നിർമാണമാണ് തുടർച്ചയായ മണ്ണിടിച്ചിലിന് കാരണമെന്ന ആരോപണം ശക്തമാകുമ്പോൾ, മഴ മാറുംവരെ നിർമാണം പൂർണമായി നിർത്തിവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിലെ മണ്ണിടിച്ചിലിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
പള്ളിവാസൽ മുതൽ മൂന്നാർ വരെയുള്ള ദേശീയപാത നിർമാണ മേഖലയിൽ കഴിഞ്ഞ ദിവസം രണ്ട് സ്ഥലങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവസമയത്ത് വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.മലയുടെ സ്വാഭാവിക ഘടന തകർത്തുള്ള അശാസ്ത്രീയമായ നിർമാണമാണ് അപകടസാധ്യത വർധിപ്പിച്ചതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു.ഇതിനിടെ, നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ദേശീയപാതയിലെ അപകടസാധ്യത അടിയന്തരമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഹസാർഡ് അനലിസ്റ്റ്, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.