Share this Article
News Malayalam 24x7
ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ യാഥാർത്ഥ്യം
India-US Trade Deal Finalized

മാസങ്ങൾ നീണ്ട കഠിനമായ ചർച്ചകൾക്കൊടുവിൽ ഇന്ത്യയും അമേരിക്കയും സംയുക്ത വ്യാപാരക്കരാറിൽ ഒപ്പുവെച്ചതോടെ ഇരു രാജ്യങ്ങളും ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവകളിൽ ഗണ്യമായ കുറവ് വരുത്തി. ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ കരാർ.കരാർ പ്രകാരം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിറക്കി.

ഈ തീരുമാനം അമേരിക്കൻ വിപണിയെ ആശ്രയിക്കുന്ന ഇന്ത്യയിലെ വസ്ത്ര വ്യാപാര മേഖലയ്ക്കും സീഫുഡ് കയറ്റുമതിക്കും വലിയ ഊർജ്ജം പകരും. പാദരക്ഷകൾ, തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, റബ്ബർ, രാസവസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ തീരുവയാണ് 18 ശതമാനമായി കുറയ്ക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുൻപ് അമേരിക്ക ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവയാണ് ഇതോടെ നീങ്ങിയത്.

കരാറിന്റെ ഭാഗമായി ധാന്യങ്ങൾ, പഴങ്ങൾ, നട്‌സ്, സോയാബീൻ ഓയിൽ, വൈൻ, സ്പിരിറ്റ് തുടങ്ങിയ കാർഷിക-ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ നിരവധി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. മരുന്നുകളുടെ ചേരുവകൾ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT) ഉൽപ്പന്നങ്ങളുടെ വിപണനത്തിലും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ്ജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയ്ക്കായി അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഇറക്കുമതി ഇന്ത്യ ലക്ഷ്യമിടുന്നു.

റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച് ട്രംപ് നടത്തിയ പ്രസ്താവനകൾക്കിടെ, പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ റഷ്യൻ എണ്ണയെക്കുറിച്ച് വ്യക്തമായ പരാമർശമില്ല. ഊർജ്ജ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുമെന്ന് കരാറിൽ പറയുന്നുണ്ടെങ്കിലും, റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ തുടരുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല. തങ്ങളെ ഇത്തരമൊരു തീരുമാനം അറിയിച്ചിട്ടില്ലെന്ന് റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്.ഇരുരാജ്യങ്ങളുടെയും വിപണി സാധ്യതകൾ വർദ്ധിപ്പിക്കാനും നിക്ഷേപ-കയറ്റുമതി മേഖലകളിൽ സഹകരണം ഉറപ്പാക്കാനും ഈ പുതിയ വ്യാപാരക്കരാർ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories