Share this Article
News Malayalam 24x7
നിരവധി തവണ ഹോൺ മുഴക്കി, ടെക്കി യുവതിയും രണ്ടുമക്കളും ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കി
വെബ് ടീം
posted on 03-02-2026
1 min read
VIJAYASHANTHI

ഹൈദരാബാദ്: ലോക്കോ പൈലറ്റ് നിരവധി തവണ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയിട്ടും ടെക്കി യുവതിയും രണ്ടുമക്കളും ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കി. തെലങ്കാന മേഡ്ച്ചൽ-മൽകാജ്ഗിരി സ്വദേശി വിജയശാന്തി റെഡ്ഡി (38), മകൾ ചേതന റെഡ്ഡി (18), മകൻ വിശാൽ റെഡ്ഡി (17) എന്നിവരാണ് മരിച്ചത്. ഹൈദരാബാദിന് സമീപം ചെർലപ്പള്ളി-ഗട്‌കേസർ സ്റ്റേഷനുകൾക്കിടയിലെ റെയിൽവേട്രാക്കിൽ ശനിയാഴ്ചയായിരുന്നു സംഭവം.ഗുഡ്‌സ് ട്രെയിനിന് മുന്നിൽച്ചാടിയാണ് മൂവരും മരിച്ചതെന്ന് പോലീസ് പറഞ്ഞു.

സോഫ്‌ട്വേർ എൻജിനീയറായ വിജയശാന്തി വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വീട്ടിൽനിന്നിറങ്ങിയത്. തുടർന്ന് ഹോസ്റ്റലുകളിലെത്തി വിദ്യാർഥികളായ മക്കളെയും വിളിച്ചുകൊണ്ടുപോയി. ഇതിനുശേഷമാണ് മൂവരും കാറിൽ റെയിൽവേ ട്രാക്കിന് സമീപമെത്തിയത്. യുവതിയും മക്കളും റെയിൽവേട്രാക്കിൽ നിൽക്കുന്നത് ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇദ്ദേഹം നിരന്തരം ഹോൺ മുഴക്കിയെങ്കിലും ഇവർ ട്രാക്കിൽനിന്നും മാറിയില്ലെന്നും പോലീസ് പറഞ്ഞു.

വിജയശാന്തിയുടെ കാറിൽനിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇനി ജീവിക്കാൻ ആഗ്രഹമില്ലെന്നും മക്കൾ തനിച്ചാകുമെന്ന ഭയവും കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കുറിപ്പിൽ ബന്ധുക്കളോട് ക്ഷമാപണവും നടത്തിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പും യുവതിയുടെ ഫോൺകോൾ വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.വിജയശാന്തിയുടെ ഭർത്താവ് ദുബായിലാണ് ജോലിചെയ്യുന്നത്. വിവരമറിഞ്ഞ് ഇദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. അതേസമയം, കുടുംബത്തിൽ സാമ്പത്തികപ്രയാസങ്ങളോ യുവതിക്ക് മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories