തന്റെ യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി സ്വീഡനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ ആദരം. സ്വീഡനിലെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ 'റോയൽ ഓർഡർ ഓഫ് പോൾ സ്റ്റാർ' (Royal Order of the Polar Star) പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്‌സനുമായി നടത്തിയ ഉന്നതതല ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ധാരണയായി.
വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനാണ് സന്ദർശനത്തിൽ പ്രാധാന്യം നൽകുന്നത്. സന്ദർശനത്തിനിടെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നിന്റെ നേതൃത്വത്തിൽ നടന്ന യൂറോപ്യൻ റൗണ്ട് ടേബിളിലും പ്രധാനമന്ത്രി പങ്കെടുത്തു. സ്വീഡിഷ് കമ്പനികളുടെ മേധാവികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഗോതൻബർഗിൽ വെച്ച് സ്വീഡനിലെ ഇന്ത്യൻ പ്രവാസി സമൂഹം പ്രധാനമന്ത്രിക്ക് ആവേശകരമായ സ്വീകരണം നൽകി. വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഉൾപ്പെടെ നിരവധി പേർ ഈ ചടങ്ങിൽ പങ്കെടുത്തു. സ്വീഡനിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ പ്രധാനമന്ത്രി നോർവേ സന്ദർശനത്തിനായി പുറപ്പെട്ടു. നോർവേയിലെ ഭരണനേതൃത്വവുമായി അദ്ദേഹം ചർച്ചകൾ നടത്തും.