പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ട് കപ്പൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ യുക്രൈൻ സ്വദേശികളുമാണ്. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
യു.എ.ഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവന പ്രകാരം, ഒമാൻ പ്രാദേശിക ജലാശയത്തിലെ തെക്കൻ കപ്പൽ പാതയിലൂടെ കടന്നുപോവുകയായിരുന്ന 'മംബാസ' (Mombasa), 'അൽ ബാഹിയ' (Al Bahiyah) എന്നീ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ക്രൂസ് മിസൈൽ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട ഇന്ത്യൻ നാവികൻ മംബാസ കപ്പലിലെ ജീവനക്കാരനായിരുന്നു. മിസൈൽ പതിച്ചതിനെ തുടർന്ന് രണ്ട് കപ്പലുകളിലും വൻ തീപിടുത്തമുണ്ടായെങ്കിലും പിന്നീട് നിയന്ത്രണവിധേയമാക്കി.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം യു.എസ് സൈന്യം ഇറാനിലെ താവളങ്ങൾക്ക് നേരെ നടത്തുന്ന വ്യോമാക്രമണം മൂന്നാം ദിവസവും ശക്തമായി തുടരുകയാണ്. യു.എസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) നേതൃത്വത്തിൽ ഇറാന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. ഇറാന്റെ പ്രധാന കേന്ദ്രങ്ങളായ കിഷ് ദ്വീപ് (Kish Island), ജാം ദ്വീപ് (Jam Island), ബന്ദർ അബ്ബാസ് (Bandar Abbas), തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഒമേദിയ (Omidiyeh) എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാന്റെ തുറമുഖങ്ങൾക്കും തീരപ്രദേശങ്ങൾക്കും മേൽ യു.എസ് നാവികസേന ഏർപ്പെടുത്തുന്ന പൂർണ്ണ ഉപരോധം ഇന്ത്യൻ സമയം ഇന്ന് രാത്രിയോടെ ആരംഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം പ്രത്യേക നികുതി ഈടാക്കുമെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ 9 ശതമാനത്തിലധികം പെട്ടെന്നുള്ള വർദ്ധനവുണ്ടായി.
എന്നാൽ, അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഹോർമുസ് കടലിടുക്കിന്റെ പരമാധികാര സംരക്ഷകരായി ഇറാൻ എന്നെന്നും നിലകൊള്ളുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. അമേരിക്കൻ കപ്പലുകളെ ഹോർമുസിൽ ഇടപെടാൻ അനുവദിക്കില്ലെന്നും, ആവശ്യമായി വന്നാൽ കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്നും ഇറാൻ സൈന്യവും മുന്നറിയിപ്പ് നൽകി. കുവൈറ്റിലെയും ബഹ്‌റൈനിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി ശക്തമാക്കിയതോടെ മേഖല പൂർണ്ണമായ ഒരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയിലാണ് ആഗോള സമൂഹം.