സംസ്ഥാന ആസൂത്രണ ബോർഡിലെ സുപ്രധാന തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പിഎസ്‌സിക്ക് കത്ത് നൽകും. ക്രമക്കേട് ആരോപിക്കപ്പെട്ട മൂന്ന് തസ്തികകളിലേക്കുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പർ തയ്യാറാക്കൽ, ഉത്തരക്കടലാസ് മൂല്യനിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട ഫയലുകൾ ആവശ്യപ്പെട്ടാണ് കത്ത് നൽകുക.
അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ആവശ്യപ്പെടുന്ന രേഖകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും കഴിഞ്ഞ ദിവസം ചേർന്ന പിഎസ്‌സി കമ്മീഷൻ യോഗം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഔദ്യോഗികമായി രേഖകൾ ആവശ്യപ്പെട്ട് കത്ത് നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ.ജി എസ്. അജിതാ ബീഗം തിരുവനന്തപുരത്തെ പിഎസ്‌സി ആസ്ഥാനത്തെത്തി ചെയർമാൻ എം.ആർ. ബൈജുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരീക്ഷാ നടത്തിപ്പ് രീതികൾ, നിയമന നടപടിക്രമങ്ങൾ, പരിശോധിക്കേണ്ട ഫയലുകൾ എന്നിവയെക്കുറിച്ചെല്ലാം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായാണ് വിവരം.
സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ), പെർസ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ ഉയർന്ന ശമ്പളമുള്ള തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലാണ് പ്രധാനമായും ക്രമക്കേടുകൾ ആരോപിക്കപ്പെട്ടിട്ടുള്ളത്. പരീക്ഷകളുടെ മൂല്യനിർണ്ണയത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായും, ഓൺ-സ്ക്രീൻ മാർക്കിങ് പ്രോട്ടോക്കോൾ ലംഘിച്ചാണ് മൂല്യനിർണ്ണയം നടത്തിയതെന്നും ഉദ്യോഗാർത്ഥികൾ പരാതി ഉന്നയിച്ചിട്ടുണ്ട്. ചില ഉത്തരക്കടലാസുകളിൽ പല ചോദ്യങ്ങളും മൂല്യനിർണ്ണയം നടത്താതെ ഒഴിവാക്കിയെന്നാണ് ഉയർന്ന പ്രധാന പരാതി.
മുഖ്യമന്ത്രിക്ക് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ആസൂത്രണ ബോർഡിലെയും കെ.എ.എസ് ഉൾപ്പെടെയുള്ള മറ്റ് പരീക്ഷകളിലെയും ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരായ ഉദ്യോഗാർത്ഥികളുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. പിഎസ്‌സിയിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക രേഖകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് പൊലീസ് കടക്കുക.