Share this Article
News Malayalam 24x7
കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും
Kozhikode Court to Review Bail Status of Jithin Bhaskar Today

വടകര പാർലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് വലിയ വിവാദം സൃഷ്ടിച്ച 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ജിതിൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടി കോടതിയെ സമീപിച്ചിരിക്കുന്നത്.

ജാമ്യം അനുവദിച്ച് കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ലംഘനമാണ് ജിതിൻ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ ആക്ഷേപം. ജിതിൻ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം തിരുവള്ളൂരിൽ സി.പി.എം പ്രവർത്തകർ നൽകിയ സ്വീകരണത്തിനിടയിലുണ്ടായ അക്രമസംഭവങ്ങളും എസ്.ഐ.ടി തങ്ങളുടെ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.


അതേസമയം, കേസുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. നേരത്തെ രണ്ടു തവണ പരിഗണിച്ച ജാമ്യാപേക്ഷ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.


നവമാധ്യമ കൂട്ടായ്മകളിലൂടെ വർഗീയ പ്രചാരണം ലക്ഷ്യമിട്ട് വ്യാജമായി തയ്യാറാക്കിയ 'കാഫിർ സ്ക്രീൻഷോട്ട്' വ്യാപകമായി പ്രചരിപ്പിച്ചു എന്നതാണ് കേസ്. വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിനെ മുൻപ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കർശന വ്യവസ്ഥകളോടെയാണ് പിന്നീട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടുവെന്നാണ് ഇപ്പോൾ പോലീസ് വാദിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories