നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന മർദ്ദനക്കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി രാവദാ ചന്ദ്രശേഖർ മടക്കി. റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കൂടുതൽ വ്യക്തതയും നിയമപരമായ കൃത്യതയും ആവശ്യമാണെന്നും, കേവലം മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളിലേക്ക് കടക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പി റിപ്പോർട്ട് തിരിച്ചയച്ചത്.
റിപ്പോർട്ട് മടക്കിയ കാര്യം ഡി.ജി.പി സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ചില ഭാഗങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതൊരു പുനരന്വേഷണമല്ലെന്നും തുടർനടപടികൾ നിയമപരമായി നിലനിൽക്കുന്നതാണെന്ന് ഉറപ്പാക്കാനാണ് ഈ നിർദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മുൻപ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ, മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ആസൂത്രിത ശ്രമം നടന്നതായി കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ നേരിട്ട് ഓഫീസിലേക്ക് വിളിപ്പിച്ച് കേസ് ഡയറിയിൽ നിർബന്ധപൂർവ്വം തിരുത്തലുകൾ വരുത്തിയതായും എസ്.ഐ.ടി കണ്ടെത്തിയിരുന്നു. എ.ഡി.ജി.പി ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.
എന്നാൽ, വെറും മൊഴികൾ മാത്രം ഉന്നത തലത്തിലുള്ള അച്ചടക്ക നടപടിയെടുക്കാൻ പര്യാപ്തമല്ലെന്നും കൂടുതൽ ശക്തമായ തെളിവുകൾ ആവശ്യമാണെന്നുമാണ് ഡി.ജി.പി ചൂണ്ടിക്കാണിക്കുന്നത്. ഭാവിയിൽ നിയമപരമായ സങ്കീർണ്ണതകൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ തെളിവുകൾ സമാഹരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്.ഐ.ടിക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവും നിലവിൽ ആലപ്പുഴ എം.എൽ.എയുമായ എ.ഡി. തോമസ്, അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച സംഭവമാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. കേസിൽ അനിൽകുമാർ ഉൾപ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ നിലവിൽ സസ്പെൻഷനിലാണ്. എ.ഡി.ജി.പിക്കെതിരായ നടപടി വൈകുന്നതിൽ കോൺഗ്രസ് നേതൃത്വത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിലും വലിയ അമർഷമുണ്ട്. എ.ഡി.ജി.പിക്കെതിരായ റിപ്പോർട്ടിൽ വ്യക്തത വന്നാൽ ഉടൻ ഇത് ആഭ്യന്തര വകുപ്പിലേക്ക് കൈമാറുമെന്നും തുടർന്ന് നടപടി സ്വീകരിക്കുമെന്നുമാണ് വിവരം.