Share this Article
News Malayalam 24x7
ആലപ്പുഴയിലെ മർദ്ദനക്കേസ് അട്ടിമറിക്കാൻ ശ്രമം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ എസ്.ഐ.ടി റിപ്പോർട്ട് ഡി.ജി.പി മടക്കി
ADGP M.R. Ajith Kumar

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി രാവദാ ചന്ദ്രശേഖർ മടക്കി. റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്നും ഇതിനായി തുടർഅന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി.ജി.പി റിപ്പോർട്ട് എസ്.ഐ.ടിക്ക് തിരിച്ചയച്ചത്.

കഴിഞ്ഞ ജൂൺ 23-നാണ് എസ്.പി ഷൗക്കത്തലി ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ഡി.ജി.പിക്ക് സമർപ്പിച്ചത്. റിപ്പോർട്ടിൽ ചില ഭാഗങ്ങളിൽ ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്നും, ഇത് കോടതിക്ക് മുന്നിലെത്തുമ്പോൾ ആഭ്യന്തര വകുപ്പിന് നിയമപരമായി പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് ഡി.ജി.പിയുടെ നടപടി.


യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ എ.ഡി.ജി.പി നേരിട്ട് ഇടപെട്ടതായി എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസ് ഡയറിയിലെയും അന്വേഷണ റിപ്പോർട്ടിലെയും വിവരങ്ങൾ തിരുത്താൻ മുൻ അന്വേഷണ ഉദ്യോഗസ്ഥരെ എ.ഡി.ജി.പി തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന നിർണായക തെളിവുകൾ കേസ് ഡയറിയിൽ നിന്ന് ഒഴിവാക്കാൻ എ.ഡി.ജി.പിയുടെ ഓഫീസിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തിരുത്തലുകൾ വരുത്തിയതെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.


ഈ മാസം 30-ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡി.ജി.പി നിതിൻ അഗർവാൾ വിരമിക്കുന്ന സാഹചര്യത്തിൽ, നിലവിൽ മുതിർന്ന ഉദ്യോഗസ്ഥനായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റത്തിന് അർഹതയുണ്ട്. എന്നാൽ സ്ക്രീനിംഗ് കമ്മിറ്റി കൂടുന്നതിന് മുൻപ് ഈ റിപ്പോർട്ടിൽ അന്തിമ തീരുമാനമുണ്ടായാൽ അത് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തെ ദോഷകരമായി ബാധിച്ചേക്കാം. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിലുണ്ടാകുന്ന കാലതാമസം എ.ഡി.ജി.പിയെ സഹായിക്കാനാണെന്ന ആക്ഷേപം പ്രതിപക്ഷം ഇതിനകം ഉന്നയിച്ചിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരം ആരംഭിച്ച കേസ് ആയതിനാൽ കോൺഗ്രസിന് ഇത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories