മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപാത (KHSR) പദ്ധതിയിൽ വലിയ മാറ്റങ്ങൾ നിർദേശിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പദ്ധതി സാങ്കേതികമായും പാരിസ്ഥിതികമായും പ്രായോഗികമാണെങ്കിലും നിലവിലുള്ള സാമ്പത്തിക ഘടനയും ചിലവ് കണക്കാക്കിയ രീതിയും ശരിയല്ലെന്ന് സമിതി വിലയിരുത്തുന്നു. പദ്ധതിയുടെ ആകെ ചിലവ് ഇ. ശ്രീധരൻ കണക്കാക്കിയ 60,000 കോടി രൂപയേക്കാൾ ഇരട്ടിയോളം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് സമിതിയുടെ പ്രധാന കണ്ടെത്തൽ. റിപ്പോർട്ട് ഉടൻ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിക്കും.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473 കിലോമീറ്റർ ദൂരത്തിൽ, പൂർണ്ണമായും തൂണുകളിൻമേൽ (Elevated) നിർമ്മിക്കാൻ വിഭാവനം ചെയ്യുന്നതാണ് നിർദ്ദിഷ്ട അതിവേഗ പാത. ഇതിനായി ഏകദേശം 57,000 കോടി മുതൽ 60,000 കോടി രൂപ വരെയാണ് ഇ. ശ്രീധരന്റെ പദ്ധതി രൂപരേഖയിൽ ചിലവ് കണക്കാക്കിയിരുന്നത്. എന്നാൽ, കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് ഓരോ നൂറു മീറ്ററിലും മണ്ണിന്റെ ഘടനയിൽ വലിയ വ്യതിയാനങ്ങളുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ഭാഗത്തും ഒരേ മാതൃകയിലുള്ള അടിത്തറയോ തൂണുകളോ നിർമ്മിക്കുക സാധ്യമല്ല. വിവിധ രൂപകൽപ്പനയിലുള്ള പില്ലറുകൾ നിർമ്മിക്കേണ്ടി വരുമ്പോൾ നിർമ്മാണ ചിലവ് വലിയ തോതിൽ വർദ്ധിക്കുമെന്നും ഇത് ആകെ ചിലവ് ഒരു ലക്ഷം കോടിയിലധികം രൂപയിലേക്ക് എത്തിച്ചേക്കാമെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പദ്ധതിക്ക് ആവശ്യമായ തുകയുടെ 40 ശതമാനം (ഏകദേശം 24,000 കോടി രൂപ) ജനങ്ങളിൽ നിന്നും പ്രവാസികളിൽ നിന്നും ക്രൗഡ് ഫണ്ടിങ് (Crowdfunding) വഴി കണ്ടെത്താനാണ് ഇ. ശ്രീധരൻ ശുപാർശ ചെയ്തിരുന്നത്. എന്നാൽ ലാഭസാധ്യത ഉറപ്പില്ലാത്ത ഒരു പൊതുമേഖലാ റെയിൽവേ പദ്ധതിയിലേക്ക് ഇത്രയും ഭീമമായ തുക നിക്ഷേപമായി ആകർഷിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വിദഗ്ധ സമിതിക്ക് ആശങ്കയുണ്ട്. സിയാൽ (CIAL) മാതൃകയിൽ കൂടുതൽ സുതാര്യവും ലാഭകരവുമായ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തണം. കൂടാതെ വിഭാവനം ചെയ്തിട്ടുള്ള 23 റെയിൽവേ സ്റ്റേഷനുകളെ കേവലം യാത്രാകേന്ദ്രങ്ങൾ എന്നതിലുപരിയായി സാമ്പത്തിക ഹബ്ബുകളാക്കി മാറ്റിക്കൊണ്ട് വരുമാനം വർദ്ധിപ്പിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ സിൽവർലൈൻ പദ്ധതിക്ക് പകരമായി യു.ഡി.എഫ് സർക്കാർ പരിഗണിക്കുന്ന ഈ പദ്ധതിക്ക് സിൽവർലൈനെ അപേക്ഷിച്ച് പാരിസ്ഥിതിക പ്രശ്നങ്ങൾ വളരെ കുറവാണ്. പാത പൂർണ്ണമായും തൂണുകളിലൂടെ കടന്നുപോകുന്നതിനാൽ കേരളത്തെ രണ്ടായി വിഭജിക്കുന്ന മതിൽക്കെട്ടുകളോ വിനാശകരമായ തോതിൽ തണ്ണീർത്തടങ്ങൾ നികത്തലോ ഉണ്ടാകില്ല. എങ്കിലും പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി വിശദമായ പാരിസ്ഥിതിക ആഘാത പഠനം (EIA) നടത്തണമെന്ന് സമിതി ശുപാർശ ചെയ്യുന്നു.
വിദഗ്ധ സമിതി സമർപ്പിക്കുന്ന ഈ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പരിശോധന നടത്തിയ ശേഷം ഇ. ശ്രീധരനുമായി തുടർചർച്ചകൾ നടത്തും. സിൽവർലൈൻ സമരങ്ങളെത്തുടർന്ന് വികസിപ്പിച്ച ബദൽ യാത്രാ പദ്ധതിയായതിനാൽ നിലവിലെ പദ്ധതിയിൽ ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാരിന്റെ നീക്കം.