Share this Article
News Malayalam 24x7
ഇന്ത്യ - യുകെ വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ
India-UK Trade Agreement Effective Today

ഇന്ത്യയും യുണൈറ്റഡ് കിങ്ഡവും (യുകെ) തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക വ്യാപാര കരാർ (സി.ഇ.ടി.എ) ഇന്ന് (ജൂലൈ 15) മുതൽ പ്രാബല്യത്തിൽ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനും നികുതിയിളവുകളിലൂടെ വ്യവസായ-വാണിജ്യ മേഖലകൾക്ക് കരുത്ത് പകരാനും ലക്ഷ്യമിട്ടുള്ളതാണ് ഈ സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ). 14 റൗണ്ടുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ 2025 ജൂലൈ 24-നാണ് ഇരു രാജ്യങ്ങളും തമ്മിൽ ഈ കരാറിൽ ഒപ്പുവെച്ചത്.

പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉത്പന്നങ്ങൾക്കും നികുതിയില്ലാതെ (Duty-free) ബ്രിട്ടീഷ് വിപണിയിൽ പ്രവേശിക്കാൻ സാധിക്കും. നിലവിൽ 4 മുതൽ 16 ശതമാനം വരെ ഇറക്കുമതി നികുതി നേരിട്ടിരുന്ന തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, സമുദ്രോത്പന്നങ്ങൾ, തുകൽ ഉത്പന്നങ്ങൾ, ആഭരണങ്ങൾ, എഞ്ചിനീയറിങ് ഉപകരണങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകൾക്ക് പുതിയ കരാർ വലിയ രീതിയിൽ ഗുണം ചെയ്യും. ഇതോടെ ബ്രിട്ടീഷ് വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ മത്സരക്ഷമത കൈവരും.


അതേസമയം, ബ്രിട്ടനിൽ നിന്നുള്ള സ്കോച്ച് വിസ്കി, ജിൻ, കാറുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ (Cosmetics) എന്നിവയ്ക്ക് ഇന്ത്യയിൽ വലിയ തോതിൽ വില കുറയും. സ്കോച്ച് വിസ്കിയുടെയും ജിന്നിന്റെയും ഇറക്കുമതി നികുതി നിലവിലെ 150 ശതമാനത്തിൽ നിന്നും 75 ശതമാനമായി ഇന്ന് മുതൽ കുറയും. പത്ത് വർഷത്തിനുള്ളിൽ ഇത് ഘട്ടങ്ങളായി 40 ശതമാനത്തിലേക്ക് താഴും.


ബ്രിട്ടീഷ് നിർമ്മിത കാറുകളുടെ ഇറക്കുമതി നികുതിയും ഘട്ടങ്ങളായി കുറയ്ക്കാനാണ് തീരുമാനം. നിലവിലുള്ള 110 ശതമാനത്തിൽ നിന്നും പത്ത് വർഷം കൊണ്ട് പത്ത് ശതമാനമായി ഇത് കുറയ്ക്കും. തുടക്കത്തിൽ പരമ്പരാഗത പെട്രോൾ, ഡീസൽ കാറുകൾക്കായിരിക്കും ഈ ഇളവ് ലഭ്യമാകുക. ആറാം വർഷം മുതൽ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾക്കും നികുതി ഇളവ് അനുവദിക്കും.


വ്യാപാര കരാറിനൊപ്പം ഇരുരാജ്യങ്ങളും ഒപ്പുവെച്ച 'ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷനും' (DCC) ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് യുകെയിലേക്ക് താൽക്കാലികമായി നിയോഗിക്കപ്പെടുന്ന ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അഞ്ച് വർഷം വരെ യുകെയിലെ സോഷ്യൽ സെക്യൂരിറ്റി (നാഷണൽ ഇൻഷുറൻസ്) നികുതി അടയ്ക്കുന്നതിൽ നിന്നും ഇളവ് ലഭിക്കും. ഇതോടെ ശമ്പളത്തിന്റെ 25 ശതമാനത്തോളം തുക ഇന്ത്യയിലെ തന്നെ പി.എഫ് അക്കൗണ്ടിലേക്ക് മാറ്റി സൂക്ഷിക്കാൻ ഇവർക്ക് സാധിക്കും. ടി.സി.എസ്, ഇൻഫോസിസ് തുടങ്ങിയ വൻകിട ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഇതിലൂടെ ഉണ്ടാകുക.


ഇന്ത്യ നടപ്പിലാക്കുന്ന ആറാമത്തെ വലിയ സ്വതന്ത്ര വ്യാപാര കരാറാണിത്. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്കും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ വ്യാപാര കരാർ വഴിയൊരുക്കുമെന്നാണ് വ്യവസായ രംഗത്തെ വിലയിരുത്തലുകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories