പത്തനംതിട്ട: റാന്നി മന്ദിരാംപടിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിവാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നിക്ക് സമീപം മന്ദിരാംപടിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്.ശബരിമലയിൽ ദർശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളായ ഭക്തരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. കാർ എതിർ ദിശയിൽ, ശബരിമലയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന തമിഴ്‌നാട്ടിൽനിന്നുള്ള ഭക്തർ സഞ്ചരിച്ചിരുന്ന മിനിവാനിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്.മിനിവാനിൽ ഉണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. അവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി നാലുപേരെ റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് നിഗമനം. അപകടത്തിന് പിന്നാലെ പുനലൂർ-മൂവാറ്റുപുഴ ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.