Share this Article
Union Budget
കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി
വെബ് ടീം
12 hours 50 Minutes Ago
1 min read
JOLLY

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് 2021ൽ നൽകിയ വിവാഹമോചന ഹർജിയാണ് കോഴിക്കോട് കുടുംബകോടതി തിങ്കളാഴ്ച അനുവദിച്ചത്. തന്റെ ആദ്യ ഭാര്യയടക്കം നിരവധി പേരെ കൊലപ്പെടുത്തിയ ജോളി ഇനിയും ആക്രമണത്തിനും മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.

പലതവണ കേസ് പരിഗണിച്ചിട്ടും എതിർഭാഗം ഹാജരാകാത്തതിനാൽ ഒടുവിൽ തിങ്കളാഴ്ച ഹർജി തീർപ്പാക്കുകയായിരുന്നു.ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും അദ്ദേഹം ഹർജിയിൽ പറഞ്ഞു. ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും അഡ്വ. ജി. മനോഹർലാൽ മുഖേന നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഷാജുവിന്‍റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ ഷാജുവും ജോളിയും പുനർവിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നൽകി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്.2002 മുതൽ 2016 വരെയുള്ള സമയത്ത് ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റേത് ഉൾപ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴി നൽകിയിരുന്നു.ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2), പിതൃ സഹോദരനും റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനുമായ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68) എന്നിവരാണ് കൊല്ലപ്പെട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories