Share this Article
News Malayalam 24x7
വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്, ഡോ. ലളിതാംബികയെ പ്രതി ചേർത്തു
Vandanam Medical Negligence Case

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവെച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. അന്ന് ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബികയെ പ്രതിയാക്കിയാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്.

അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ആലപ്പുഴ സ്വദേശിനിയായ ഉഷയുടെ വയറ്റിൽ കത്രിക മറന്നുവെച്ചത്. കഴിഞ്ഞ ദിവസം കഠിനമായ വയറുവേദനയെത്തുടർന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. മനുഷ്യജീവനും വ്യക്തി സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായി പ്രവർത്തിച്ചു എന്നതാണ് ഡോക്ടർക്കെതിരെയുള്ള പ്രധാന കുറ്റം.


ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും നഴ്സ് ധന്യയെയും കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ നിലവിലെ എഫ്.ഐ.ആറിൽ ഇവർ പ്രതികളല്ല. ഉഷ അന്ന് ഡോ. ലളിതാംബികയെയാണ് കൺസൾട്ട് ചെയ്തിരുന്നത് എന്നതിനാലാണ് അവരെ പ്രതിയാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.


അതേസമയം, സംഭവത്തിൽ ഡോ. ലളിതാംബിക നടത്തിയ വിവാദപരമായ പ്രതികരണം വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. തനിക്ക് ഇത്തരമൊരു ശസ്ത്രക്രിയയെക്കുറിച്ച് ഓർമ്മയില്ലെന്നും, വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയാലും ദശകങ്ങളോളം വലിയ പ്രശ്നങ്ങളില്ലാതെ ഇരിക്കാമെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. ഈ നിലപാടിനെതിരെ ആരോഗ്യ മന്ത്രി വീണാ ജോർജ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories