കോഴിക്കോട് കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ബിജെപിക്കുള്ളിൽ തർക്കം മുറുകുന്നു. കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തെച്ചൊല്ലിയുള്ള ഭിന്നതയാണ് ബിജെപിയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്
.
തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി തടമ്പാട്ടുതാഴം ഡിവിഷൻ കൗൺസിലർ ഒ. സദാശിവനും യുഡിഎഫ് സ്ഥാനാർത്ഥിയായി മീഞ്ചന്ത ഡിവിഷനിൽ നിന്നും വിജയിച്ച എസ്.കെ അബൂബക്കറുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. മുൻ ഡെപ്യൂട്ടി മേയറായിരുന്ന സി.പി മുസാഫർ അഹമ്മദിനെ പരാജയപ്പെടുത്തിയാണ് എസ്.കെ അബൂബക്കർ കൗൺസിലിലെത്തിയത്.
ബിജെപി സ്ഥാനാർത്ഥിയായി മുതിർന്ന കൗൺസിലർ നമ്പി നാരായണന്റെ പേര് നിർദ്ദേശിക്കപ്പെട്ടെങ്കിലും പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുകയാണ്. ടി. റെനീഷിനെ അനുകൂലിക്കുന്ന വിഭാഗം നമ്പി നാരായണന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തുവന്നതായാണ് സൂചന. മുൻ മേയർ ബീന ഫിലിപ്പിന്റെ ഡിവിഷനായിരുന്ന പൊറ്റമ്മലിൽ അട്ടിമറി വിജയം നേടിയാണ് ടി. റെനീഷ് കൗൺസിലിലെത്തിയത്. 13 കൗൺസിലർമാരുള്ള ബിജെപിയിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി നമ്പിയുടെ പേര് നിർദ്ദേശിക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.
ഇന്ന് രാവിലെ 10.30 നാണ് മേയർ തിരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് ശേഷം 2.30 ന് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പും നടക്കും. എൽഡിഎഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി ഡോ. എസ്. ജയശ്രീയും യുഡിഎഫിനായി അഡ്വ. ഫാത്തിമ തഹ്ലിയയുമാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസ് എത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്.
75 ഡിവിഷനുകളുള്ള കോഴിക്കോട് കോർപ്പറേഷനിൽ 35 സീറ്റുകളുമായി എൽഡിഎഫ് തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫിന് 28 സീറ്റുകളാണുള്ളത്. ബിജെപിക്കുള്ളിലെ തർക്കം തിരഞ്ഞെടുപ്പിനെ എപ്രകാരം ബാധിക്കുമെന്ന ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.