എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രൻ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. കേസിൽ മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മർദനമേറ്റ ഷൈമോൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി ജനുവരി 17-ലേക്ക് കോടതി മാറ്റിയിരിക്കുകയാണ്.
നിലവിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവരികയും എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ വകുപ്പുതല അന്വേഷണം മാത്രം പോരെന്നും നിഷ്പക്ഷമായ ഒരു അന്വേഷണത്തിനായി മജിസ്ട്രേറ്റ് തലത്തിലുള്ള ഇടപെടൽ അത്യാവശ്യമാണെന്നുമാണ് ഷൈമോൾ ഹർജിയിൽ ആവശ്യപ്പെടുന്നത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമം കൃത്യമായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് കുടുംബത്തിന് ലഭിച്ചത്.
മറ്റൊരു കേസിൽ പ്രതിയെ പിടികൂടുന്നത് ഷൈമോളിന്റെ ഭർത്താവ് മൊബൈലിൽ പകർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് സ്റ്റേഷനിലെ മർദനത്തിൽ കലാശിച്ചത്. ഗർഭിണിയായ യുവതിയെ മുഖത്തടിക്കുകയും പിടിച്ചു തള്ളുകയും ചെയ്ത ദൃശ്യങ്ങൾ വലിയ പൊതുജനപ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതാപചന്ദ്രനെതിരെ ഇതിനുമുമ്പും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഒരു ഡെലിവറി ബോയിയെ മർദിച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസുണ്ട്. പൊലീസിന്റെ ക്രൂരതയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ശക്തമായി പ്രതികരിച്ചിരുന്നു. നിയമപോരാട്ടത്തിലൂടെ നീതി ഉറപ്പാക്കാനാണ് ഷൈമോളും കുടുംബവും തീരുമാനിച്ചിരിക്കുന്നത്.