Share this Article
News Malayalam 24x7
ഉത്സവപ്പറമ്പിൽ കുഴഞ്ഞുവീണയാൾക്ക് പുതുജീവൻ ; സിയമോൾക്ക് നന്ദിയറിയിച്ച് മണ്ണുത്തി പൊലീസ്
Police and Nurse Revive Man at Temple Festival

ജനുവരി 26-ന് (റിപ്പബ്ലിക് ദിനത്തിൽ) തിങ്കളാഴ്ച മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊഴുക്കുള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ രാത്രി ഉത്സവഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരുടെയും കൃത്യസമയത്ത് എത്തിയ ഒരു യുവതിയുടെയും ഇടപെടൽ ഒരു ജീവൻ രക്ഷിച്ചു.

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുലർച്ചെ ആൾക്കൂട്ടത്തിൽ ബഹളം കേട്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ് ജോർജും സീനിയർ സിവിൽ പോലീസ് ഓഫീസർ ജോജുവും ഓടിയെത്തി. അവിടെ 75 വയസ്സ് പ്രായമുള്ള ഒരാൾ കുഴഞ്ഞുവീണു കിടക്കുന്നതാണ് അവർ കണ്ടത്. ചുറ്റും പരിഭ്രാന്തരായ കാഴ്ചക്കാർ. സന്തോഷ് ജോർജ്ജ് വീണുകിടക്കുന്നയാളെ മെല്ലെ നിവർത്തിക്കിടത്തി. ജോജു തിരക്ക് നിയന്ത്രിച്ചു.


വീണുകിടന്നയാൾ പ്രതികരിക്കാതിരുന്നതിനാൽ ഉടൻതന്നെ സന്തോഷ് ആംബുലൻസിനായി വിളിച്ചു. ഡ്യൂട്ടിക്ക് പോയ വാഹനത്തിലെ സബ് ഇൻസ്പെക്ടർ കെ. ഉണ്ണിയെ ജോജു വിവരമറിയിക്കുകയും എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കാൻ സജ്ജീകരണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സന്തോഷ് തറയിൽ കിടത്തി സി.പി.ആർ (CPR) നൽകാൻ ശ്രമിക്കുന്നതിനിടെ, "സാർ ഞാൻ നേഴ്സാണ്, ഞാൻ സി.പി.ആർ കൊടുത്തോട്ടെ" എന്ന് പറഞ്ഞ് ഒരു യുവതി മുന്നോട്ട് വന്നു.


അനുവാദം നൽകിയ ശേഷം ആംബുലൻസ് ലൊക്കേഷൻ മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്നതറിഞ്ഞ സന്തോഷ്, അടുത്തുള്ള വീട്ടിലെ കാർപോർച്ചിൽ കണ്ട കാറിന്റെ ഉടമസ്ഥരെ വിവരമറിയിച്ച് കാർ ഏറ്റെടുത്തു. സി.പി.ആർ ലഭിച്ച ഉടൻ തളർന്നു കിടന്നയാൾക്ക് നേരിയ അനക്കമുണ്ടായി. ഉടൻ തന്നെ സന്തോഷ് കാറുമായി എത്തി. ജോജു തിരക്കിൽ വഴി ഒരുക്കി നൽകി. രോഗിയെ കാറിൽ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഐ.സി.യു.വിലേക്ക് മാറ്റിയ ശേഷം ഡോക്ടർ, രോഗി അപകടനില തരണം ചെയ്തുവെന്ന് അറിയിച്ചു. സമയം വൈകിയിരുന്നെങ്കിൽ ബുദ്ധിമുട്ടുണ്ടാകുമായിരുന്നു എന്നും ഡോക്ടർ സൂചിപ്പിച്ചു.


അപകട നില തരണം ചെയ്ത വിവരം വീട്ടുകാരെ അറിയിച്ച ശേഷം പൊലീസുകാർ ഡ്യൂട്ടിയിലേക്ക് മടങ്ങി. എന്നാൽ, ഒരു മാലാഖയെപ്പോലെ കൃത്യസമയത്ത് എത്തി സി.പി.ആർ നൽകിയ യുവതിയെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. അവരോട് നന്ദി അറിയിക്കാത്തതിലുള്ള വിഷമത്തിലായിരുന്നു പൊലീസുകാർ. പിന്നീട് നടത്തിയ അന്വേഷണത്തിൽ ദയ ആശുപത്രിയിൽ നേഴ്സായി ജോലിചെയ്യുന്ന കൊഴുക്കുള്ളി സ്വദേശി ബെൻസൻ്റെ ഭാര്യ സിയമോൾ ആണ് ആ ധീരയായ യുവതി എന്ന് തിരിച്ചറിഞ്ഞു. മണ്ണുത്തി പൊലീസ് ഉദ്യോഗസ്ഥർ സിയമോളിനെ വിളിച്ച് നന്ദി അറിയിച്ചു. സന്തോഷ് ജോർജിന് കാർ നൽകി സഹായിച്ച വീട്ടുകാരോടും പൊലീസുകാർ നന്ദി പറഞ്ഞു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories