കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ അനൂപ് മാലിക്ക് അറസ്റ്റിൽ. കാഞ്ഞങ്ങാട് വച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ കേസെടുത്തിരുന്നു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ് എന്ന് പോലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് കേസെടുത്തിരിക്കുന്നത്.
ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. വീടിനുള്ളിൽ രണ്ടുപേരാണ് താമസിച്ചിരുന്നത്. രാത്രി എത്തുന്ന ഇവർ പുലർച്ചെ മടങ്ങാറാണ് പതിവ്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളിലും നാശനഷ്‌ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുവരുകളിൽ വിള്ളൽ വീഴുകയും ചെയ്‌തിട്ടുണ്ട്.