തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനെയും ഡ്രൈവറെയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ആക്രമണത്തിനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയത് കുറുപ്പം റോഡിലെ എ.എം.എസ്. ട്രേഡേഴ്സിൽ നിന്നാണെന്ന് കടയുടമ സുബ്രഹ്മണ്യൻ സ്ഥിരീകരിച്ചു.
സംഭവം നടന്ന ദിവസം പുലർച്ചെ ആറ് മണിയോടെയാണ് അക്രമി ചുറ്റിക വാങ്ങാൻ എത്തിയത്. അക്രമിക്ക് ഏകദേശം 35 വയസ്സോളം പ്രായം തോന്നിക്കുമെന്നും ഇയാൾ പണം നൽകി ചുറ്റിക വാങ്ങുകയായിരുന്നു എന്നും കടയുടമ പറഞ്ഞു. കടയിൽ തിരക്കുണ്ടായിരുന്നതിനാൽ അക്രമിയുടെ മുഖം ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും സുബ്രഹ്മണ്യൻ അറിയിച്ചു.
കാൽടെക്സ് കമ്പനിയുടെ ലേബൽ പതിപ്പിച്ച ചുറ്റികയാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഈ ലേബലിലുള്ള കോഡ് നമ്പർ ഉപയോഗിച്ചാണ് ചുറ്റിക വിതരണം ചെയ്ത കടയെക്കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് നടത്തിയ സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിലാണ് ആറ് മണിയോടെ അക്രമി ചുറ്റിക വാങ്ങിയ കാര്യം പോലീസിന് വ്യക്തമായത്. സി.സി.ടി.വി. ദൃശ്യങ്ങളിലെ ചിത്രങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് പ്രതികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ അന്വേഷണ വിവരങ്ങൾ അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്.
മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലാണ് സിനിമാ നിർമ്മാതാവും വിതരണക്കാരനുമായ സുനിലിൻ്റെ വീട്. സുനിലിനേയും ഡ്രൈവർ അജീഷിനെയും ഗേറ്റ് തുറക്കുന്നതിനിടെ പതിയിരുന്ന മൂന്നംഗ സംഘമാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. സുനിലിൻ്റെ കാറിൻ്റെ ഗ്ലാസ് തകർക്കാനാണ് ചുറ്റിക ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (സിറ്റ്) നിലവിൽ കേസ് അന്വേഷിക്കുന്നത്.