കൊച്ചി: അര്‍ജന്‍റീന ഫുട്ബോള്‍ ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയിലെത്തി. റിപ്പോര്‍ട്ടര്‍ ടിവി എം ഡി ആന്‍റോ അഗസ്റ്റിനും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു ഷറഫലിയും ചേർന്ന് കബ്രേരയെ സ്വീകരിച്ചു.മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിക്കുന്നതിനൊപ്പം സുരക്ഷയും മറ്റ് ക്രമീകരണങ്ങളും അർജന്റീന ടീം മാനേജർ വിലയിരുത്തും.
ഒപ്പം കായികമന്ത്രി വി അബ്ദുറഹിമാനുമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായും കൂടിക്കാഴ്ച നടത്തി.ഇതോടെ അർജന്റീന ടീമിന്റെ കേരളത്തിലെ താമസസൗകര്യത്തിൽ തീരുമാനമാകും.ടീമിന്റെ മത്സരങ്ങളിലും അന്തിമ തീരുമാനമുണ്ടാകും. താമസിക്കുന്ന ഹോട്ടൽ, ഭക്ഷണം, യാത്രകൾ മറ്റ് സൗകര്യങ്ങൾ എന്നിവയും കൂടിക്കാഴ്ചയില്‍ ചർച്ചയാകും.നേരത്തെ മെസ്സിയും സംഘവും കേരളത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.