കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ ‘പ്രഭാവതിയമ്മ തടഞ്ഞുനിറുത്തി റോഡിലേക്കിറക്കിയ സംഭവത്തിൽ നടപടിയുമായി മോട്ടോർവാഹനവകുപ്പ്. സ്കൂട്ടർ ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.കൂടാതെ ഇദ്ദേഹത്തെ ഒരാഴ്ചത്തെ നിർബന്ധിത പരിശീലന ക്ലാസിന് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കോടതി നിർദേശിക്കുന്ന തുക പിഴയായും ഈടാക്കും. നഗരത്തിലെ തിരക്കേറിയ ജങ്ഷനുകളിൽ ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ മഫ്തിയിൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
സ്കൂട്ടർ ഓടിച്ചയാളെ തടഞ്ഞ കോഴിക്കോട് ചാലപ്പുറം സ്വദേശിയായ പ്രഭാവതിയമ്മയെ അവരുടെ വീട്ടിലെത്തി എംവിഐ വിനു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ആദരിക്കുകയും ചെയ്തു.
എരഞ്ഞിപ്പാലം ട്രാഫിക്ക് സിഗ്നലിന് സമീപം വ്യാഴാഴ്ചയായിരുന്നു പ്രഭാവതിയമ്മയെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറൽ താരം ആക്കിയ സംഭവം. റോഡിൽ വാഹനങ്ങളെല്ലാം ഗതാഗതക്കുരുക്കിൽ കിടക്കുമ്പോൾ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ പ്രഭാവതിയമ്മ തടയുകയായിരുന്നു. പ്രഭാവതിയമ്മ ഫുട്പാത്തിലൂടെ നടന്നുവരുമ്പോൾ എതിർദിശയിലൂടെ ആക്ടീവ സ്കൂട്ടർ പാഞ്ഞുവരികയായിരുന്നു. ഇതുകണ്ട അവർ ഉടൻ സ്കൂട്ടർ യാത്രികനെ തടഞ്ഞു. എന്നാൽ സ്കൂട്ടർ യാത്രികൻ പ്രഭാവതിയോട് കയർത്ത് മുന്നോട്ടുപോകാൻ ശ്രമിച്ചു. പക്ഷേ സ്കൂട്ടർ ഒരടി മുന്നോട്ടെടുക്കാൻ പ്രഭാവതി സമ്മതിച്ചില്ല. കാലുകൾകൊണ്ട് വാഹനം തടഞ്ഞശേഷം സ്കൂട്ടർ യാത്രക്കാരനെ വിരട്ടി. എന്നാൽ സ്കൂട്ടറുമായി മുന്നോട്ടുപോകാൻ ഇദ്ദേഹം വീണ്ടും ശ്രമിച്ചപ്പോൾ തന്റെ ബാഗിൽനിന്ന് മൊബൈൽ ഫോണെടുത്ത പ്രഭാവതി, വാഹനത്തിന്റെ ദൃശ്യം ഉൾപ്പെടെ പകർത്താൻ തുടങ്ങി. ഇതോടെ അമ്മയ്ക്ക് മുൻപിൽ അടിയറവുപറഞ്ഞ സ്കൂട്ടർ യാത്രികന് വണ്ടി തിരിച്ച് റോഡിലൂടെ പോകേണ്ടിവന്നു.