Share this Article
News Malayalam 24x7
ആന്തൂരിൽ രണ്ട് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളി, ഒരാൾ പിന്മാറി; എൽഡിഎഫിന് അഞ്ചിടത്ത് എതിരില്ലാതെ ജയം; കണ്ണപുരത്തും എതിരില്ലാതെ ജയം
വെബ് ടീം
posted on 24-11-2025
1 min read
ANTHOOR

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കണ്ണൂരിൽ മേൽക്കൈ നൽകിക്കൊണ്ട് ആന്തൂർ നഗരസഭയിൽ വോട്ടിനു മുൻപേ 5 വാർഡുകളിൽ എൽഡിഎഫിന് ജയം. ഇന്ന് രണ്ട് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളുകയും ഒരു സ്ഥാനാർഥി പിൻവാങ്ങുകയും ചെയ്തതോടെയാണ് 5 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ രണ്ട് വാർഡുകളിൽ യുഡിഎഫിന് സ്ഥാനാർഥികളുണ്ടായിരുന്നില്ല.തർക്കം നിലനിന്നിരുന്ന 4 വാർഡുകളിലെ പരിശോധന പൂർത്തിയായപ്പോൾ രണ്ട് വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക അംഗീകരിക്കുകയും രണ്ട് വാർഡുകളിലെ തള്ളുകയുമായിരുന്നു.

തളിയിൽ, കോടല്ലൂർ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകളാണ് തള്ളിയത്. ഇതോടെ മൊറാഴ, പൊടിക്കുണ്ട്, കോടല്ലൂർ, തളിയിൽ, അഞ്ചാം പീടിക എന്നീ വാർഡുകളിലാണ് എൽഡിഎഫിന് എതിരില്ലാത്തത്. തട്ടിക്കൊണ്ടുപോയതായി യുഡിഎഫ് ആരോപിച്ച 26ാം വാർഡിലെ സ്ഥാനാർഥി കെ. ലിവ്യ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുന്നുവെന്ന് കാണിച്ചു കത്തു നൽകിയിരുന്നു. ലിവ്യ ഇന്ന് നഗരസഭാ ഓഫിസിലെത്തി സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുന്നുവെന്ന് അറിയിച്ചു. ഇതോടെയാണ് 5 വാർഡുകളിൽ എതിരില്ലാതെയായത്.

ആന്തൂരിലെ രണ്ടാം വാർഡായ മൊറാഴയിൽ കെ. രജിതയും പത്തൊൻപതാം വാർഡായ പൊടിക്കുണ്ടിൽ കെ. പ്രേമരാജനും എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടു. 10, 13, 18, 20 വാർഡുകളിലെ സ്ഥാനാർഥികളുടെ പത്രികകളാണ് ഇന്ന് പരിശോധിച്ചത്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികളുമായി എൽഡിഎഫ് പ്രകടനം നടത്തി. സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തുകയാണെന്ന സ്ഥിരം പല്ലവിയാണ് യുഡിഎഫ് ആരോപിക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 6 വർഡിൽ എൽഡിഎഫിന് എതിരുണ്ടായിരുന്നില്ല. 2015ലെ തിരഞ്ഞെടുപ്പിൽ 14 വാർഡുകളിൽ എതിരുണ്ടായിരുന്നില്ല. മറ്റു പല കാരണങ്ങളും പറഞ്ഞാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയവരുടെ ഉൾപ്പെടെ ഒപ്പ് ശേഖരിച്ചത്. സമ്മതമില്ലാതെയാണ് ഒപ്പ് ശേഖരിച്ചതെന്ന് പരാതിയുണ്ട്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഒരു കുടുംബത്തിൽ നിന്ന് 5 പേരാണ് യുഡിഎഫിനു വേണ്ടി മത്സരിക്കുന്നത് എന്നും എൽ‌ഡിഎഫ് നേതാക്കൾ പറയുന്നു. ആന്തൂരിൽ ഗുണ്ടായിസം നടപ്പാക്കുന്നുവെന്നാണ് യുഡിഎഫ് ആരോപണം.രണ്ട് സ്ഥാനാർഥികളുടെ പത്രിക കൂടി തള്ളിയതോടെ കണ്ണപുരം പഞ്ചായത്തിൽ 6  എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. ഒന്നാം വാർഡിൽ ഉഷാ മോഹനനും എട്ടാം വാർഡിൽ ടി.ഇ. മോഹനനുമാണ് ജയിച്ചത്. ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രികയും എട്ടാം വാർഡിലെ എൻഡിഎ സ്ഥാനാർഥിയുടെ പത്രികയുമാണ് തള്ളിയത്. നേരത്തേ 4 വാർഡുകളിൽ എൽഡിഎഫിന് എതിരുണ്ടായിരുന്നില്ല. 15 വാർഡുകളാണ് പഞ്ചായത്തിലുള്ളത്.10ാം വാർഡായ തൃക്കോട്ടിൽ യുഡിഎഫ് സ്ഥാനാർഥി എൻ.എ. ഗ്രേസിയുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. സ്ഥാനാർഥി വരണാധികാരിക്കു മുന്നിൽ നേരിട്ടെത്തി സത്യപ്രതിജ്ഞ ചൊല്ലാത്തതിനെ തുടർന്നാണു പത്രിക തള്ളിയത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി പ്രേമ സുരേന്ദ്രൻ എതിരില്ലാതെ വിജയിച്ചു. മൂന്നാം വാർഡായ കണ്ണപുരം സെന്ററിൽ കോൺഗ്രസ് സ്ഥാനാർഥി ഷെറി ഫ്രാൻസിസ് പത്രിക പിൻവലിച്ചു. ഇതോടെ ഇവിടെ എൽഡിഎഫ് സ്ഥാനാർഥി കെ.വി. സജ്ന വിജയിച്ചു. കണ്ണപുരത്തെ 13, 14 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories