സിവിൽ പൊലീസ് ഓഫീസറെ (CPO) ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ. കെ.കെ. ബൈജുവിനെ സസ്‌പെൻഡ് ചെയ്തു. ഇയാൾ നിലവിൽ ഒളിവിലാണെന്നും, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ് എന്നും വിവരമുണ്ട്.
പരാതി നൽകിയ സിവിൽ പൊലീസ് ഓഫീസർ സ്പായിൽ പോയ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് എസ്.ഐ. ബൈജു പണം തട്ടിയത്. സി.പി.ഒയുടെ കയ്യിൽ നിന്ന് നാല് ലക്ഷം രൂപയോളമാണ് ഇയാൾ തട്ടിയെടുത്തത്.
സ്പാ ജീവനക്കാരിയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടെന്ന പരാതിയിൽ ഇടനിലക്കാരനായി ഇടപെട്ടാണ് എസ്.ഐ. ബൈജു തട്ടിപ്പ് നടത്തിയത്. ഈ കേസിൽ എസ്.ഐക്ക് പുറമെ സ്പാ ഉടമയായ നിഷാമിനും, ജീവനക്കാരിയായ രമ്യക്കും എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.തുടർനടപടികളുടെ ഭാഗമായി എസ്.ഐ. കെ.കെ. ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.