Share this Article
News Malayalam 24x7
‘ഓപ്പറേഷൻ മ്യാവു’: മെട്രോ പില്ലറിൽ കുടുങ്ങിയ സുഭാഷ് പൂച്ചയെ രക്ഷിച്ചു
Operation Meow

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്തെ കൊച്ചി മെട്രോ തൂണിൽ ദിവസങ്ങളായി കുടുങ്ങിക്കിടന്ന പൂച്ചയെ ഒടുവിൽ താഴെയെത്തിച്ചു. ഗാന്ധിനഗർ ഫയർഫോഴ്‌സും അനിമൽ റെസ്‌ക്യൂ ടീമും സംയുക്തമായി നടത്തിയ അർദ്ധരാത്രി ദൗത്യത്തിനൊടുവിലാണ് പൂച്ചയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

ഞായറാഴ്ച രാത്രി 12 മണിയോടെ ആരംഭിച്ച രക്ഷാപ്രവർത്തനം പുലർച്ചെ 1.30-ഓടെയാണ് പൂർത്തിയായത്. പകൽ സമയത്ത് പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മെട്രോ സർവീസ് 17 മിനിറ്റോളം തടസ്സപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് മെട്രോ സർവീസുകൾ അവസാനിച്ച ശേഷം അർദ്ധരാത്രിയിൽ ദൗത്യം നടത്താൻ തീരുമാനിച്ചത്. ഫയർഫോഴ്‌സ് സംഘം ക്രെയിൻ ഉപയോഗിച്ച് പില്ലറിന് മുകളിൽ കയറി പൂച്ചയെ വലയിലാക്കി താഴെ ഇറക്കുകയായിരുന്നു.


സ്റ്റേഡിയത്തിന് മുന്നിലെ പില്ലറിൽ പൂച്ച നടക്കുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വിവരം അധികൃതരെ അറിയിച്ചത്. പൂച്ചയ്ക്ക് ഇവർ 'സുഭാഷ്' എന്ന് പേരും നൽകിയിരുന്നു. ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ ഉയരത്തിലുള്ള കോൺക്രീറ്റ് തൂണിൽ കഴിഞ്ഞിരുന്ന പൂച്ചയെ കണ്ട നാട്ടുകാർ വലിയ ആശങ്കയിലായിരുന്നു.


താഴെയിറക്കിയ പൂച്ചയെ ഉടൻ തന്നെ അനിമൽ റെസ്‌ക്യൂ ടീമിന്റെ ആംബുലൻസിൽ മൃഗാശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം പട്ടിണി കിടന്നതിനാൽ പൂച്ച അവശനായിരുന്നു. ആവശ്യമായ പരിചരണത്തിന് ശേഷം പൂച്ചയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories