കൊച്ചി തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു. 1.38 കോടി ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് പുലർച്ചെയോടെ തകർന്നത്. സംഭവത്തിൽ ആളപായമില്ലെങ്കിലും സമീപത്തെ നിരവധി വീടുകളിൽ വെള്ളം കയറുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
പുലർച്ചെ രണ്ടു മണിയോടെ വലിയ ശബ്ദത്തോടെ ടാങ്കിന്റെ ഒരു വശത്തെ ഭിത്തി അടർന്നു വീഴുകയായിരുന്നു. ആലുവയിൽ നിന്ന് പമ്പ് ചെയ്ത് നഗരത്തിലെ വിതരണത്തിനായി സംഭരിക്കുന്ന പ്രധാന ടാങ്കാണിത്. ടാങ്ക് തകർന്നതോടെ വെള്ളം കുത്തൊഴുക്കോടെ സമീപ പ്രദേശങ്ങളിലേക്ക് ഇരച്ചുകയറി.
ടാങ്കിന് സമീപത്തുള്ള നിരവധി വീടുകളുടെ ചുറ്റുമതിലുകൾ തകർന്നു. വീടുകൾക്കുള്ളിലേക്ക് വെള്ളവും ചെളിയും കയറി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാൽപ്പത് വർഷത്തിലേറെ പഴക്കമുള്ളതാണ് ഈ ടാങ്ക്.
കൊച്ചി കോർപ്പറേഷനിലെ 45-ാം ഡിവിഷനിലാണ് സംഭരണി സ്ഥിതി ചെയ്യുന്നത്. ടാങ്ക് തകർന്നതിനെ തുടർന്ന് നഗരത്തിൽ ഇന്ന് കുടിവെള്ള വിതരണം പൂർണ്ണമായി മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. തമ്മനം, തൃപ്പൂണിത്തുറ ഉൾപ്പെടെയുള്ള മേഖലകളിൽ ജലവിതരണത്തെ ഇത് സാരമായി ബാധിക്കും.
പ്രദേശത്തെ വീടുകളിൽ നിന്ന് വെള്ളവും ചെളിയും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഒരു വൻ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. ടാങ്കിന്റെ കാലപ്പഴക്കമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.