Share this Article
KERALAVISION TELEVISION AWARDS 2025
പ്രസ്ഥാനം SDPI പോലുള്ള വർഗീയ സംഘടനകളുടെ അടിമത്വത്തിൽ, നേതൃത്വത്തിനെതിരെ ഗുരുതരാരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് രാജിവെച്ചു
വെബ് ടീം
posted on 09-08-2025
1 min read
VISHNU

തിരുവനന്തപുരം:നേതൃത്വത്തിനെതിരെ ഗുരുതരാരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്  യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് എ പി വിഷ്ണു രാജിവെച്ചു. എസ് സി വിഭാഗക്കാരനായതിനാൽ പാർട്ടിയിൽ പരിഗണനയില്ലെന്നും നേതൃത്വം മാനസികമായി ഒറ്റപ്പെടുത്തിയെന്നും ആരോപിച്ചാണ് ജില്ലാ വൈസ് പ്രസിഡന്‍റായ വിഷ്ണു എ പി രാജിക്കത്ത് സമർപ്പിച്ചത്.പാർട്ടിയിൽ പരിഗണന വേണമെങ്കിൽ ഉന്നതകുലജാതിയിൽ ജനിക്കണമെന്നും വിഷ്ണു രാജിക്കത്തിൽ വ്യക്തമാക്കി. പ്രസ്ഥാനം എസ് ഡി പി ഐ പോലുള്ള വർഗീയശക്തികളുടെ അടിമത്വത്തിലാണ് കോൺഗ്രസ് എന്നും കത്തിൽ വിമർശനമുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെയും ജാതി രാഷ്ട്രീയത്തിന്‍റെയും ബലിയാടാണ് താനെന്നും രാജിക്കത്തിൽ പറയുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് നേമം ഷജീറിനാണ് രാജിക്കത്ത് നൽകിയത്.

രാജിക്കത്തിന്‍റെ പൂർണരൂപം:

‘ഞാൻ 2011 ൽ SN കോളേജിൽ യൂണിറ്റ് പ്രസിഡന്‍റായി വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആളാണ്. നിലവിൽ യൂത്ത് കോൺഗ്രസിന്‍റെ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ആണ്. കഴിഞ്ഞകാലങ്ങളിൽ ഞാൻ അനുഭവിക്കേണ്ടിവന്ന അവഗണനയും ഒറ്റപ്പെടലും വളരെ വലുതാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്‍റെയും മറ്റൊരു ബലിയാട് കൂടിയാണ് ഞാൻ. ഞാനൊരു SC സമുദായത്തിൽ പെടുന്ന ആളാണ്, അതുകൊണ്ടുതന്നെ നാളിതുവരെ യാതൊരു പരിപാടിയിലും (കോൺഗ്രസ് കഴക്കൂട്ടം) എന്നെ സഹകരിപ്പിക്കുകയോ, പരിപാടികൾ അറിയിക്കുകയോ ചെയ്യാറില്ല.നേതൃത്വം മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ്.നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഒപ്പം ഉന്നത കുല ജാതിയിൽ ജനിക്കുകയും ചെയ്‌താൽ മാത്രമേ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലനിൽക്കാൻ സാധിക്കൂ എന്ന തിരിച്ചറിവ് എന്നെ വേദനിപ്പിക്കുന്നു. ഒരു ഇന്ത്യക്കാരൻ എന്നതു പോലെതന്നെ കോൺഗ്രസുകാരൻ എന്നതിൽ അഭിമാനിച്ചിരുന്ന എനിക്ക്, ഇന്ന് ഈ പ്രസ്‌ഥാനത്തിൽ തുടരുവാൻ സാധിക്കാത്ത അവസ്‌ഥയാണ്. SDPI പോലെയുള്ള വർഗീയ ശക്തികളുടെ അടിമത്വത്തിലാണ് ഇന്ന് ഈ പ്രസ്‌ഥാനം. ആയതിനാൽ കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജി വെച്ചതായി അറിയിച്ചുകൊള്ളുന്നു’.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories