ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ദീക്ഷിതിനെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒൻപതാം തീയതി രാത്രിയാണ് ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് ദീക്ഷിത് വൈഷ്ണവിയെ മാങ്ങാട്ടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചയുടൻ വൈഷ്ണവി മരിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് വൈഷ്ണവിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നര വർഷം മുൻപായിരുന്നു ദീക്ഷിതും വൈഷ്ണവിയും തമ്മിലുള്ള വിവാഹം. പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.