കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറിമറിഞ്ഞത് ഏഴുതവണ. ഇരുവിഭാഗം സ്വർണവ്യാപാരി സംഘടനകൾ ഇന്ന് പലതവണയായി വ്യത്യസ്ത വിലയാണ് നിശ്ചയിച്ചത്.കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (ജി.എസ്.എം.എ) മൂന്ന് തവണയും ഭീമ ഗോവിന്ദൻ, ജസ്റ്റിൻ പാലത്ര എന്നിവർ നേതൃത്വം നൽകുന്ന ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ)നാലുതവണയുമാണ് ഇന്ന് വില മാറ്റി നിർണയിച്ചത്.ഇരുവിഭാഗവും ഏറെ നാളായി ഒരേവിലനിലവാരമാണ് പിന്തുടർന്നിരുന്നത്.
എന്നാൽ, ശനിയാഴ്ച വൈകീട്ട് 5.35ന് എ.കെ.ജി.എസ്.എം.എ ഗ്രാമിന് 110 രൂപ വർധിപ്പിച്ചതോടെ വ്യത്യസ്ത വിലയായി. ശനിയാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോൾ ഗ്രാമിന് 13055 രൂപയും പവന് 1,04,440 രൂപയുമായിരുന്നു എ.കെ.ജി.എസ്.എം.എയുടെ വില. അതേസമയം, ഗ്രാമിന് 12,945രൂപയും പവന് 1,03,560 രൂപയുമായിരുന്നു ജി.എസ്.എം.എയുടെ വില.ഇന്ന് വിപണി ക്ലോസ് ചെയ്യുമ്പോൾ ഗ്രാമിന് 12765രൂപയും പവന് 1,02,120 രൂപയുമാണ് എ.കെ.ജി.എസ്.എം.എ അംഗത്വമുള്ള ഷോറൂമുകളിലെ വില.
അതേസമയം, ജി.എസ്.എം.എ ഷോറൂമുകളിൽ ഗ്രാമിന് 12,750 രൂപയും പവന് 1,02,000 രൂപയുമാണ് ഇന്ന് വൈകീട്ടത്തെ വില.രാവിലെ 65 രൂപ ഗ്രാമിന് കുറച്ച എ.കെ.ജി.എസ്.എം.എ ഉച്ച 12.10ന് 120 രൂപയും 1.55ന് 40രൂപയും 4.40ന് 65 രൂപയും കുറച്ചു. ഇതോടെ 290 രൂപയാണ് ഇന്ന് ഗ്രാമിന് കുറഞ്ഞത്. രാവിലെ 1,03,920 രൂപ ഉണ്ടായിരുന്ന സ്വർണവില വൈകീട്ടോടെ 1,02,120 രൂപയായി കുറഞ്ഞു. ഈ അസോസിയേഷനിൽ അംഗത്വമുള്ള ജ്വല്ലറികളിൽ 2,320 രൂപയാണ് പവന് ഇടിഞ്ഞത്.ശനിയാഴ്ച വൈകീട്ട് വില വർധിപ്പിക്കാതിരുന്നതിനാൽ ജി.എസ്.എം.എയുടെ വില ഇന്ന് രാവിലെ 9.20ന് പ്രഖ്യാപിച്ചപ്പോൾ മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 12945 രൂപയും പവന് 1,03,560 രൂപയുമായിരുന്നു വില. എന്നാൽ, ആഗോളവിപണിയിൽ വില കുറഞ്ഞതോടെ ഉച്ചക്ക് 12.56ന് ഗ്രാമിന് 75രൂപയും വൈകീട്ട് 4.40ന് ഗ്രാമിന് 120 രൂപയും കുറച്ചു. ഇതോടെ ഇന്ന് ഗ്രാമിന് 195 രൂപയാണ് കുറഞ്ഞത്. വിപണി ക്ലോസ് ചെയ്യുമ്പോൾ ഗ്രാമിന് 12,750 രൂപയും പവന് 1,02,000 രൂപയുമാണ് വില.