വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശി ദിനമായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ അഭൂതപൂർവ്വമായ തിരക്ക്. പുലർച്ചെ 3 മണിക്ക് തുറന്ന നട നാളെ രാവിലെ 9 മണി വരെ തുടർച്ചയായി ഭക്തർക്കായി തുറന്നിരിക്കും.
ഏകാദശി പ്രമാണിച്ച് 53 മണിക്കൂർ നട തുറന്നിരിക്കുന്നതിനാൽ ഭക്തർക്ക് ദർശനത്തിന് പ്രത്യേക ക്യൂ സമ്പ്രദായം ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 5 മുതൽ വൈകുന്നേരം 5 വരെ വരിനിൽക്കുന്നവർക്ക് ദർശനത്തിന് മുൻഗണന നൽകും.
ഉദയാസ്തമയ പൂജയോടെയാണ് ഇത്തവണത്തെ ഏകാദശി ആഘോഷിക്കുന്നത്. ഓരോ അഞ്ച് പൂജകൾ കഴിയുമ്പോഴും ഒരു മണിക്കൂർ തുടർച്ചയായി ഭക്തർക്ക് ദർശനം അനുവദിക്കും. ഏകാദശിയോടനുബന്ധിച്ച് മഹാപ്രസാദ ഊട്ട്, ദശമവിളക്ക്, പഞ്ചരത്ന കീർത്തനാലാപനം, ചെമ്പൈ സംഗീതോത്സവത്തിന്റെ സമാപനം എന്നിവ വിവിധ സമയങ്ങളിലായി നടക്കും. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രത്തിലും പരിസരത്തും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.