കോട്ടയം കുമ്മനം മടക്കണ്ടയിൽ മൂന്ന് മാസം പ്രായമുള്ള സ്വന്തം ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച പിതാവ് ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിന്റെ പിതാവ്, ഇടനിലക്കാരൻ, കുഞ്ഞിനെ വാങ്ങാനെത്തിയ ആൾ എന്നിവരാണ് അറസ്റ്റിലായത്.
80,000 രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാനായിരുന്നു ശ്രമം. കടബാധ്യത തീർക്കുന്നതിനായി പിതാവ് ഇടനിലക്കാരൻ വഴി കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 1000 രൂപ അഡ്വാൻസും കൈപ്പറ്റിയിരുന്നു. എന്നാൽ, കുഞ്ഞിന്റെ അമ്മ ഈ നീക്കത്തെ ശക്തമായി എതിർക്കുകയും വിവരം കുമ്മനത്തെ വാർഡ് മെമ്പറെ അറിയിക്കുകയും ചെയ്തു. തുടർന്ന് വാർഡ് മെമ്പർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കുമ്മനംപൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കുഞ്ഞിനെ വാങ്ങാനെത്തിയ ഈരാറ്റുപേട്ടയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയെയും ഇടനിലക്കാരനെയും കുഞ്ഞിന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.