Share this Article
News Malayalam 24x7
കോഴിക്കോട് കോർപ്പറേഷനിലെ CPIM സ്ഥാനാർത്ഥി പ്രഖ്യാപനം 12ന്
Kozhikode Corporation Election

തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങവെ, കോഴിക്കോട് കോർപ്പറേഷനിലെ സിപിഎം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ മത്സരരംഗത്തില്ലാത്ത സാഹചര്യത്തിൽ, ഡെപ്യൂട്ടി മേയറായിരുന്ന മുസാഫർ അഹമ്മദ് മേയർ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.

നിലവിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ്. ജയശ്രീയെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ആകെ 76 ഡിവിഷനുകളുള്ള കോർപ്പറേഷനിൽ 61 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ഘടകകക്ഷികളായ ആർജെഡി, ഐഎൻഎൽ എന്നിവരുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും.


ഇത്തവണ നിരവധി പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന. മുൻ എംഎൽഎയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എ. പ്രദീപ് കുമാറിന്റെ മകൾ അമിത പ്രദീപ് എടക്കാട് ഡിവിഷനിൽ നിന്നും, മുൻ മേയർ ടി.പി. ദാസന്റെ മകൾ മിലി തിരുത്തിയാട് വാർഡിൽ നിന്നും ജനവിധി തേടും.


നിലവിലെ മേയർ ബീന ഫിലിപ്പ്, സ്ഥിരംസമിതി അധ്യക്ഷരായ പി. ദിവാകരൻ, സി. രേഖ, കൗൺസിലർമാരായ ജംഷീർ, വരുൺ ഭാസ്‌കർ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. അതേസമയം, മൂന്നാം തവണയും മത്സരിക്കുന്നതിന് കൗൺസിലർ സദാശിവന് പാർട്ടി ജില്ലാ നേതൃത്വം പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്.


സിപിഎം ഏരിയ കമ്മിറ്റികൾ നൽകിയ സ്ഥാനാർത്ഥി പട്ടികയ്ക്ക് ജില്ലാ കമ്മിറ്റി അന്തിമ അംഗീകാരം നൽകിക്കഴിഞ്ഞു. വാർഡ് തലത്തിൽ അവതരിപ്പിച്ച ശേഷമായിരിക്കും ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories