പാലത്തായി പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി. നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരെ ബലാൽസംഗക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിനെ സംബന്ധിച്ചുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.
2020 ജനുവരി 15നും ഫെബ്രുവരി 2നും ഇടയിൽ സ്കൂളിലെ ബാത്‌റൂമിൽ വെച്ച് 10 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നുള്ളതാണ് പത്മരാജനെതിരായ കേസ്.
നേരത്തെ, കുട്ടിയുടെ മൊഴിയും മെഡിക്കൽ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടായിട്ടും ബി.ജെ.പി. നേതാവായ പത്മരാജനെതിരെ പോലീസ് പോക്സോ (POCSO) വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകിയത് വലിയ വിവാദമായിരുന്നു. നിലവിൽ കോടതി ബലാൽസംഗക്കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ സാഹചര്യത്തിൽ നാളത്തെ ശിക്ഷാവിധി ഏറെ നിർണായകമാകും.