തൃശൂർ സിറ്റി പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത സംഭവത്തിൽ സൈബർ ക്രൈം പൊലീസ് കേസെടുത്തു. കമ്മീഷണർ നകുൽ ആർ. ദേശ്മുഖിനെതിരെ മോശം പരാമർശം നടത്തിയ വ്യക്തിക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്.
നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ കേരള പൊലീസിന്റെ 'ശുഭയാത്ര' വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാം എന്ന കമ്മീഷണറുടെ അറിയിപ്പിന് താഴെയായിരുന്നു അശ്ലീല ചുവയുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. സൈബർ ക്രൈം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കമന്റിട്ടത് ഒരു ബസ് ജീവനക്കാരനാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങൾ വഴി അശ്ലീലവും സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതുമായ കമന്റുകൾ ഇടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പേജുകളെയും ഉദ്യോഗസ്ഥരെയും അവഹേളിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ കർശനമായി നിരീക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.