കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രി ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു. എറണാകുളം ജനറൽ ആശുപത്രിയില്‍ അപൂർവ ജനിതകരോഗം ബാധിച്ച് ഹൃദയം തകരാറിലായ നേപ്പാളുകാരി ദുർഗയ്ക്കാണ് ഹൃദയമാറ്റ ശസ്ത്രക്രിയ. ബൈക്കപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ആർ.ഷിബുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. എയർ ആംബുലൻസിൽ അവയവങ്ങൾ തിരുവനന്തപുരത്തു നിന്ന് എറണാകുളത്ത് എത്തിച്ചു. 7 പേർക്ക് പുതുജീവൻ നൽകിയാണ് ഷിബു മടങ്ങുന്നത്.
1.40ന് തന്നെ എയർആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെത്തിയിരുന്നു. പിന്നീട് ശസ്ത്രക്രിയക്ക് ശേഷം 'ഹൃദയം' കൊ സോട്ടയുടെ വാഹനത്തിൽ ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു. ഡോക്ടർമാരുടെ സംഘവും കൂടിയുണ്ടായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാൾ സ്വദേശി ദുർഗയ്ക്ക് മാറ്റിവയ്ക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രകിയ.
ആദ്യമായി ജനറൽ ആശുപത്രിയിൽ നടക്കുന്ന ഈ ശസ്ത്രക്രിയ വളരെ പ്രതീക്ഷയോടെയാണ് ആരോഗ്യകേരളം കാത്തിരിക്കുന്നത്. വളരെയധികം രോഗികൾ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തുനിൽക്കുന്നുണ്ട്. അവർക്ക് ഈ തീരുമാനം ഗുണകരമായിരിക്കും. നേപ്പാളിൽ നിന്ന് ചികിത്സയ്ക്കായി കേരളത്തിൽ എത്തി ഏറെക്കാലമായി കാത്തിരിക്കുന്ന ദുർഗയ്ക്കാണ് ഹൃദയം ലഭിക്കുന്നത്. അപൂർവ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന ദുർഗയുടെ ജീവിതം മൂന്നു മാസം മുൻപ് പുറത്തുവന്നിരുന്നു. പിന്നീട് നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹൃദയം മാറ്റിവെക്കാനുള്ള തീരുമാനമായത്. എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയരോഗ വിദഗ്ധരായ ഡോ ജോർജ് വാളൂർ, ഡോ ജിയോ പോൾ, ഡോ രാഹുൽ സതീഷ് എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത്. അതേസമയം, എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ ഷിബുവിൻ്റെ കുടുംബം സമ്മതിച്ചുവെന്ന് കെ സോട്ടോ പ്രതിനിധി നോബിൾ പറഞ്ഞു. ബന്ധുക്കൾ സമ്മതിച്ച ഉടൻ നേപ്പാൾ സ്വദേശിക്ക് നൽകി. ഇന്നലെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. എയർ ആംബുലൻസ് ആഭ്യന്തരവകുപ്പിൻ്റേതാണ്.