Share this Article
News Malayalam 24x7
ഫ്രഷ് കട്ട് ഫാക്ടറി സംഘര്‍ഷം; 3 പേർ അറസ്റ്റിൽ
3 Arrested in Fresh Cut Factory Clash

കോഴിക്കോട് താമരശ്ശേരി കട്ടിപാറയിലെ അറവുമാലിന്യ പ്ലാന്റ് ആക്രമിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി എടപ്പാളിൽ വെച്ച് പിടിയിലായത്.  ഇതോടെ ഒളിവിലായിരുന്ന 5 പേരാണ് പിടിയിലായിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.

ചൊവാഴ്ച ഉച്ചയോടെയാണ് താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ കേന്ദ്രത്തിലേക്ക് വ്യാപക ആക്രമണം ഉണ്ടായത്. സമാധന പൂർവം നടത്തിയ പ്രതിഷേധം കുറഞ്ഞ നേരം കൊണ്ടാണ് വ്യാപക അക്രമത്തിലേക്ക് നീങ്ങിയത്. സംഭവത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അടക്കം 21 പൊലീസുകാർക്കും, സമരത്തിൽ പങ്കെടുത്ത 28 പേർക്കും പരുക്കേറ്റിരുന്നു. സമരക്കാർ ഫാക്ടറിക്ക് തീയിട്ടും വാഹനം അടിച്ചുപൊളിച്ചും അക്രമം വ്യാപിപ്പിച്ചു. ഈ സംഭവത്തിൽ താമരശ്ശേരി, കൂടത്തായി, മലപ്പുറം സ്വദേശികളായ അഞ്ച് പേരെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ ഉണ്ടായിരുന്ന മലപ്പുറം സ്വദേശിയായ സൈഫുള്ളയെ എടപ്പാളിൽ വച്ചാണ് പിടികൂടിയത്.

CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പലരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ്. ഇവരെ എത്രയും പെട്ടെന്ന് പിടികൂടുവാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി നടന്ന സമരത്തിൽ, മുൻകൂട്ടി തീരുമാനിച്ച പ്രകാരം SDPI അക്രമികൾ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി M മെഹബൂബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 അതെസമയം അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഈ മാസം 29ന് സര്‍വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചിട്ടുണ്ട്. യോഗത്തിന് മുമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories