Share this Article
News Malayalam 24x7
നെടുമങ്ങാട് ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണം; പ്രതിഷേധം ശക്തം
Nedumangad District Hospital Newborn Death

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ചികിത്സാ പിഴവ് ആരോപിച്ച കുടുംബം, കുറ്റക്കാരിയായ ഡോക്ടറെ പുറത്താക്കാതെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ്. പാലോട് സ്വദേശികളായ ബിനു - നിരഞ്ജന ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ മരിച്ചത്.

ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച നിരഞ്ജനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും, ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നും കുടുംബം ആരോപിക്കുന്നു. നേരത്തെ നിശ്ചയിച്ച തീയതിക്ക് മുൻപേ അടിയന്തര ശസ്ത്രക്രിയ നടത്താൻ ഡോക്ടർ തീരുമാനിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.


സംഭവത്തെ തുടർന്ന് ആശുപത്രി പരിസരത്ത് കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളും കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഡി.എം.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തിയെങ്കിലും ഡോക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കുടുംബം അറിയിച്ചു. നിലവിൽ ആരോപണവിധേയയായ ഡോക്ടറോട് അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.


ആരോഗ്യവകുപ്പ് നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ആശുപത്രിയിലെത്തി അന്വേഷണം നടത്തും. ഈ സംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡോക്ടർക്കെതിരെയുള്ള തുടർ നടപടികൾ സ്വീകരിക്കുക. അതുവരെ കുഞ്ഞിന്റെ മൃതദേഹം വിട്ടുനൽകില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ബന്ധുക്കൾ ആവർത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories