ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇടുക്കി അടിമാലിയിൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശിനിയുടെ ലാൻഡ് ക്രൂയിസർ കാറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ശേഖരിക്കുന്നതിനാണ് ഇ.ഡി പരിശോധന നടത്തിയത്.
ഇന്ത്യയിലേക്ക് ഭൂട്ടാൻ, നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബരക്കാറുകൾ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുകയും രജിസ്ട്രേഷൻ നടത്തുകയും ചെയ്യുന്ന ഒരു സിൻഡിക്കേറ്റിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടക്കുന്നതെന്ന് ഇ.ഡി അറിയിച്ചു.
കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സിൻഡിക്കേറ്റ് വ്യാജ രേഖകളും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യാജ ആർ.ടി.ഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം നടന്നതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി നടപടി ആരംഭിച്ചത്. സംസ്ഥാനത്തുടനീളമുള്ള ഈ റെയ്ഡിന്റെ ഭാഗമായി അടിമാലിയിലും പരിശോധന നടന്നു.