Share this Article
News Malayalam 24x7
കോഴിക്കോട് നല്ലളത്ത് വാഹനാപകടത്തില്‍ 3 മരണം
Kozhikode Road Accident

നല്ലളം മോഡേൺ ബസാറിൽ ഇന്ന് പുലർച്ചെയുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബെൻസ് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. രാമനാട്ടുകര പരിയാപുരം സ്വദേശി ദിനിൽ, ഫറോക്ക് കോളേജിന് സമീപം തളിപ്പറമ്പിൽ അജീഷ്, തളിപ്പറമ്പിൽ വിമൽ എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന ഫറോക്ക് സ്വദേശി ഷാംബലാൽ, പന്തീരാങ്കാവ് സ്വദേശി ദിജിൽ എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


ഇന്ന് പുലർച്ചെ 3:25-ഓടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ബീച്ച് ഭാഗത്ത് ടവറിന്റെ നിർമ്മാണ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന പോളോ കാർ. നല്ലളം മോഡേൺ ബസാറിലെ പി.കെ.എൽ പരിസരത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.


അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരാളെ വേഗത്തിൽ പുറത്തെടുക്കാനായെങ്കിലും മറ്റുള്ളവർ തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ബാക്കിയുള്ളവരെ പുറത്തെടുത്തത്. എല്ലാവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേർ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. മരിച്ച മൂന്ന് പേരും രാമനാട്ടുകര, ഫറോക്ക് സ്വദേശികളാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories